കോട്ടയം: പൊന്‍കുന്നത്ത് പോലീസ് സ്റ്റേഷനു നേരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ ആക്രമണം. ‘വിദ്യാലയങ്ങള്‍ ആയുധപ്പുരകളാക്കരുത്’ എന്ന മുദ്രവാക്യമുയര്‍ത്തി പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്കൂളിലേക്ക് എസ്എഫ്ഐയും ഡിവൈഎഫ്ഐയും ചേര്‍ന്ന് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പൊന്‍കുന്നം ശാന്തി ആശുപത്രിക്ക് മുന്പില് പോലീസ് തടഞ്ഞു. തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ഇതിനു ശേഷം പിരിഞ്ഞു പോവുകയായിരുന്ന പ്രവര്‍ത്തകരില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. ഉപരോധത്തിനിടെ സ്റ്റേഷനു നേരെ കല്ലേറുണ്ടായി. ആക്രമണത്തില്‍ സ്റ്റേഷനിലെ സിസിടിവി കാമറകളും ജനല്‍ ചില്ലുകളും തകര്‍ന്നു. അതിനിടെ ഇതുവഴി കടന്നു പോയ മണിമല പോലീസ് സ്റ്റേഷനിലെ വാഹനം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ ഒരു വനിത പോലീസ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.