കൽപ്പറ്റ: കാര്യന്പാടിയിലെ വാടകവീട്ടിൽനിന്നു ഉടമയും സഹായികളും ചേർന്നു നിയമവിരുദ്ധമായി ഒഴിപ്പിച്ച റിട്ടയേർഡ് ചിത്രകലാധ്യാപകൻ കൃഷ്ണൻകുട്ടി തന്പിയുടെയും ഭാര്യയുടെയും തിരോധാനത്തെക്കുറിച്ച് പരാതി നൽകിയിട്ടും മീനങ്ങാടി പോലീസ് അന്വേഷിക്കുന്നില്ലെന്നു ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
കൃഷ്ണൻകുട്ടി തന്പിയെ മതം മാറ്റാനുള്ള ശ്രമം വിഫലമായപ്പോഴാണ് ഉടമ അന്യായമായി ഒഴിപ്പിച്ചത്. പോലീസ് വിളിപ്പിച്ചതനുസരിച്ച് കൃഷ്ണ്‍കുട്ടി തന്പിയും ഭാര്യയും ഇക്കഴിഞ്ഞ 20നു വീടുപൂട്ടി സ്റ്റേഷനിലേക്കു പോയി.
ഈ തക്കത്തിനാണ് ഉടമയും സഹായികളും പൂട്ടിയിട്ടിരുന്ന വീട് കൈവശപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ പുറത്തിട്ടു. തന്റെ അസാന്നിധ്യത്തിൽ ഉടമയും സംഘവും വീട്ടിൽ അതിക്രമിച്ചുകയറി സാധനങ്ങൾ പുറത്തിടുകയും നശിപ്പിക്കുകയും ചെയ്തതിനെതിരെ കൃഷ്ണൻകുട്ടി തന്പി പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
ഇതേത്തുടർന്നാണ് അദ്ദേഹവും ഭാര്യയും കാര്യന്പാടി വിട്ടത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരം ഇല്ലാത്ത സാഹചര്യത്തിലാണ് ദന്പതികളുടെ തിരോധാനം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് പ്രദേശവാസികൾ പോലീസിൽ പരാതി നൽകിയത്. പോലീസ് നിഷ്ക്രിയത്വം തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിനു ആക്ഷൻ കമ്മിറ്റി നേതൃത്വം നൽകുമെന്നു ഭാരവാഹികൾ പറഞ്ഞു.