ആലുവ: ഊർജിത അന്വേഷണങ്ങൾ ആവശ്യമായ പ്രമാദമായ കേസുകളുടെ എണ്ണം പെരുകിയതോടെ വട്ടംകറങ്ങി എറണാകുളം റൂറൽ പോലീസ്. ആലുവ ഈസ്റ്റ്, ബിനാന്പുരം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമേ സിറ്റി പോലീസ് അന്വേഷിച്ചു വരുന്ന സീറോ മലബാർ സഭ വ്യാജരേഖ കേസിന്റെ ചുമതലയും കൂടി റൂറൽ എഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള സംഘത്തിനു അധികമായി വന്നതോടെ എല്ലായിടത്തും ഓടിയെത്താൻ ഉദ്യോഗസ്ഥർക്ക് കഴിയാത്ത അവസ്ഥയാണ്.
റൂറൽ പോലീസിന് ഏറെ തലവേദന സൃഷ്ടിച്ച കേസുകളിലൊന്നായിരുന്നു മുനന്പം മനുഷ്യകടത്ത്. ഈ കേസിലെ ചില പ്രതികളെ പിടികൂടിയെങ്കിലും സംഭവത്തിന്റെ ദുരൂഹതയകറ്റാൻ പോലീസിന് ഇനിയും സാധിച്ചിട്ടില്ല. ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവ് നിർമിച്ച് ചൂർണിക്കരയിൽ നടത്തിയ ഭൂമി ഇടപാട് കേസ് അന്വേഷിക്കുന്നതും എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ്.
ആലുവ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിലെ നടപടികൾ പൂർത്തിയാക്കി വിജിലൻസിന് കൈമാറാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനിടയിലാണ് ഐജി വിജയ് സാക്കറേ നേരിട്ട് അന്വേഷിച്ചു വന്നിരുന്ന സീറോ മലബാർ സഭ വ്യാജ രേഖ കേസിന്റെ ചുമതല കൂടി റൂറലെ പ്രത്യേക സംഘത്തിന് നൽകിയത്.
മറ്റു കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ആലുവ ഡിവൈഎസ്പി സ്ഥലത്തില്ലാത്തതിനേത്തുടർന്ന് മൊഴിയെടുക്കാൻ ഓഫീസിൽ വിളിച്ചു വരുത്തിയ വൈദികനെ മണിക്കൂറുകളോളം വെറുതെയിരുത്തിയത് ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.ബിനാനിപുരം സ്റ്റേഷൻ അതിർത്തിയിൽ എടയാറിനു സമീപം കാറിൽ കൊണ്ടുവന്ന ആറ് കോടി വിലമതിക്കുന്ന 20 കിലോ സ്വർണം കവർന്ന കേസിന് യാതൊരു തുന്പുമുണ്ടാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
എഎസ്പിയെ കൂടാതെ ആലുവ ഡിവൈഎസ്പി, കെ.എ.വിദ്യാധരൻ, സിഐ എ.എൻ.സലീഷ്, ബിനാനിപുരം എസ്ഐ അനൂപ് സി.നായർ, കുന്നത്തുനാട് എസ്ഐ പി.എ.ഷമീർഖാൻ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് ഈ കേസന്വേഷിക്കുന്നത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘം നടത്തിയ വൻകവർച്ച കണ്ടെത്താൻ സ്ഥലത്തെ ക്വട്ടേഷൻ ഗ്യാങ്ങുകളെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നെങ്കിലും അതിന് സാധിച്ചിട്ടില്ല.ഇത് കൂടാതെ ആലുവ ഈസ്റ്റ് പോലീസ് ഒന്നരമാസം മുന്പ് രജിസ്റ്റർ ചെയ്ത പെരിയാറിൽ അജ്ഞാത യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിന്റെ അന്വേഷണവും ഇഴയുകയാണ്. കൊന്ന് കല്ലിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിയാൻ പോലും സാധിച്ചിട്ടില്ല.
ഇത് കൂടാതെ വനിതാ ക്വട്ടേഷനിൽ നെടുന്പാശേരി വിമാനത്താവള ജീവനക്കാരനായ കുട്ടമശേരി സ്വദേശി ഫൈസലിനെ ക്രൂരമായി മർദിച്ച ഗുണ്ടാസംഘം പോലീസിന്റെ ഭാഷ്യത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും ഒളിവിൽ തന്നെയാണ്. ക്വട്ടേഷൻ നൽകിയ യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ ഈ കേസിന്റെ അന്വേഷണത്തിലും കാര്യമായ പുരോഗതിയില്ല.