തലശേരി: വാഹനപരിശോധനയ്ക്കിടെ കാറിനുള്ളിൽ കാലിയായ മദ്യക്കുപ്പി കണ്ടതിനു കേസെടുത്ത് പോലീസ്. ഇതിന് എന്തിനാണ് സാർ കേസ് എന്ന ചോദ്യത്തിന് ക്വാട്ട തികയ്ക്കേണ്ടേ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. ഞങ്ങളുടെ പെരുമാറ്റമൊക്കെ മാറിയെന്നും ഞങ്ങളിപ്പോൾ അമേരിക്കൻ പോലീസ് സ്റ്റൈലാണെന്നും പക്ഷേ, ക്വാട്ട തികയ്ക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
കോടതിയിൽനിന്നു വിളിക്കുമ്പോൾ രണ്ടായിരം രൂപ അടച്ചാൽ മതി. വക്കീലിനെ വേണമെങ്കിൽ തരാം. വക്കീലിന്റെ നമ്പർ എഴുതിയെടുത്തോ… എന്നിങ്ങനെയുള്ള ഉപദേശവും ഉദോഗസ്ഥനിൽനിന്നുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ നെടുംപൊയിലിനു സമീപമാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്.
വയനാട്ടിൽ അനാഥമന്ദിരം സന്ദർശിച്ച് കാറിൽ മടങ്ങുകയായിരുന്ന പ്രവാസി ഉൾപ്പെട്ട നാലംഗസംഘത്തോടായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ഡയലോഗ്. കാർ യാത്രക്കാരിൽ ഒരാൾ യുഎഇയിലെ ഗോൾഡൻ വീസയ്ക്ക് ഉടമയാണ്.
വാഹനം പരിശോധിക്കുന്നതിനിടയിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന് രണ്ട് സ്റ്റാറുള്ള പോലീസ് ഉദ്യോഗസ്ഥന് സംശയം. മദ്യപിച്ചിട്ടില്ലെന്നും നമുക്ക് ആശുപത്രിയിൽ പോയി പരിശോധിക്കാമെന്നും വാഹനം ഓടിച്ചയാൾ വ്യക്തമാക്കിയതോടെ ഉദ്യോഗസ്ഥൻ ഡ്രൈവറോട് സോറി പറഞ്ഞു.
ഇതിനിടയിലാണ് കാറിനുള്ളിൽ കാലിയായ ചെറിയൊരു മദ്യക്കുപ്പി ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ അതെടുത്ത ഉദ്യോഗസ്ഥൻ കേസെടുക്കുകയാണെന്നു പറയുകയായിരുന്നു.
വിദേശത്ത് നിരവധി ആഢംബര കാറുകൾ സ്വന്തമായുള്ള വ്യവസായ പ്രമുഖൻ നാട്ടിൽ വന്നപ്പോൾ സുഹൃത്തിന്റെ കാറെടുത്ത് അനാഥമന്ദിരം സന്ദർശിക്കാൻ പോയതായിരുന്നു. യാത്രയ്ക്കിടയിൽ കാറിലിരുന്ന് യാത്രക്കാർ മദ്യപിച്ചാൽ കുറ്റകരമല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി വിധി നിൽക്കെയാണ് കാറിൽ ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടതിന് പോലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരെ വട്ടംചുറ്റിച്ചത്.
കാലിക്കുപ്പിയുടെ പേരിൽ കേസുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥൻ തീരുമാനിച്ചിട്ടുള്ളതെങ്കിൽ നേരിടാനുള്ള തയാറെടുപ്പിലാണ് പ്രവാസിസംഘം. തങ്ങൾക്കുണ്ടായ ദുരനുഭവം വിശദീകരിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കേ അവർ പരാതി നൽകി.