കൊച്ചി: ഭര്‍ത്താവിന്റെ ഓഫീസില്‍ പ്രചരിക്കപ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് നിയമപോരാട്ടത്തിലൂടെ തെളിയിച്ച കൊച്ചിയിലെ വീട്ടമ്മ ശോഭ സാജു കേരളത്തിലെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ തുടരന്വേഷണത്തില്‍ ശോഭയെ പോലീസ് കൈയ്യൊഴിഞ്ഞു. ശോഭയുടേതെന്ന പേരില്‍ പ്രചരിച്ച നഗ്നദൃശ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഡി.ജി.പി. നിര്‍ദേശിച്ചെങ്കിലും കാര്യമായ അന്വേഷണം നടത്താതെ കുറ്റപത്രം നല്കി നടപടി അവസാനിപ്പിച്ചിരിക്കുന്നു.
ഒരു മാസം മുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിനിടെയാണു കൊച്ചി സിറ്റി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നഗ്നദൃശ്യം പ്രചരിപ്പിച്ചതു ശോഭതന്നെയാണെന്ന ഭര്‍ത്താവിന്റെ ആരോപണത്തെത്തുടര്‍ന്നാണ് അവര്‍ നിയമപോരാട്ടത്തിനിറങ്ങിയത്. രണ്ടര വര്‍ഷത്തോളം നിയമപോരാട്ടം നടത്തി. സംസ്ഥാന പോലീസിന്റെ ഫോറന്‍സിക് ലാബില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയിലും ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് ഡി.ജി.പിയുടെ ഇടപെടലിലൂടെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കിന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ദൃശ്യങ്ങളിലുള്ളതു ശോഭയല്ലെന്നു തെളിഞ്ഞത്.
എറണാകുളം മുന്‍ അസി. കമ്മിഷണര്‍ കെ. ലാല്‍ജിക്കായിരുന്നു അന്വേഷണച്ചുമതല. ശോഭയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം ആരു നിര്മിച്ചുവെന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്താനും ഗൂഢാലോചന സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേസില്‍ ഒരാളെ അറസ്റ്റും ചെയ്തിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിനു മുമ്പ് ലാല്‍ജി സ്ഥലംമാറിപ്പോകുമ്പോള്‍ ഏതാനും പേരുടെ മൊഴിയെടുത്തതിനപ്പുറം അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല.
തെരഞ്ഞെടുപ്പ് കാലത്ത് പുതിയ അന്വേഷണസംഘം കുറ്റപത്രം നല്കി. വീഡിയോയ്ക്കു പിന്നില്‍ ആരാണെന്നതിനെക്കുറിച്ചും അതിനു പിന്നിലുള്ള ഗൂഢാലോചനയെക്കുറിച്ചുമാണ് ശോഭ ഉത്തരം തേടുന്നത്. വീഡിയോ ശോഭയുടേതല്ലെന്നു തെളിഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണത്തിനു പ്രസക്തിയില്ലെന്ന മട്ടിലാണു പോലീസ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡി.ജി.പിയുടെ ഔദ്യോഗിക ഇ-മെയിലിലേക്ക് ഒരു മാസം മുന്‍പ് പരാതി അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ പ്രതികള്‍ക്ക് ഇനി യാതൊന്നും പേടിക്കേണ്ട കാര്യമില്ലെന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.