തിരുവനന്തപുരം: പോലീസാകുക എന്നതാണ് ചെറു പ്രായത്തിൽ തന്നെ ഒട്ടുമിക്ക കുട്ടികളുടെയും സ്വപ്നവും ഭാവി ജോലി സങ്കല്പവും.
സിനിമകളിലെ ചില പോലീസ് ഓഫീസർമാരുടെ ആക്ഷൻ രംഗങ്ങൾ ഈ സ്വപ്നങ്ങളുടെയും സങ്കൽപങ്ങളുടെയും നിറപ്പകിട്ട് കൂട്ടുകയും ചെയ്യും. അത്തരത്തിൽ സങ്കൽപത്തിലുള്ള രീതിയിൽ പോലീസ് ഉദ്യോഗസ്ഥരാകാൻ ക്ഷണിക്കുകയാണ് കേരളാ പോലീസ്.
ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണങ്ങൾ, പ്രതികൂല സാഹചര്യങ്ങൾ മറികടന്നുളള ക്രമസമാധാനപാലനം, ഗതാഗത ക്രമീകരണം, കരുതലോടു കൂടിയ ജനസേവനം എന്നിങ്ങനെ വ്യത്യസ്തതയേറിയ ജോലികൾ ചെയ്യാൻ തയാറാണെങ്കിൽ നിങ്ങൾക്കും പോലീസ് ആകാമെന്നാണ് കേരളാ പോലീസ് പറയുന്നത്.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് തിരുവനന്തപുരം കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന “എന്റെ കേരളം’ പ്രദർശന മേളയിലാണ് “പോരുന്നോ പോലീസിലേക്ക്’ എന്ന പേരിൽ യുവതീ യുവാക്കളെ ക്ഷണിച്ചുകൊണ്ടുളള സ്റ്റാൾ ഒരുക്കിയിരിക്കുന്നത്.
കേവലം നിയമനിർവഹണത്തിനുപരിയായി സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനുളള സുവർണാവസരം കൂടിയാണ് പോലീസ് ജോലി.
പോലീസ് നിയമനത്തിന് ആവശ്യമായ കായിക മാനദണ്ഡങ്ങൾ രസകരമായ കാരിക്കേച്ചറുകളിലൂടെയും വാചകങ്ങളിലൂടെയും ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.
പോലീസിൽ നിയമനം ലഭിക്കുന്നതിനു സ്ത്രീകളും പുരുഷൻമാരും ജയിച്ച് കയറേണ്ട കായിക ഇനങ്ങളും അവയുടെ വിശദമായ വിവരങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
കോണ്സ്റ്റബിൾ, സബ്ബ് ഇൻസ്പെക്ടർ റാങ്കുകളിൽ നിയമിതരാകുന്ന ഉദ്യോഗസ്ഥരുടെ ശന്പള സ്കെയിൽ ഉൾപ്പെടെ ഇവിടെനിന്ന് അറിയാം.
സ്വന്തം കായിക ക്ഷമത പരീക്ഷിക്കണം എന്ന് കരുതുന്നവർക്ക് അതിനും അവസരമുണ്ട്. പുഷ്-അപ്പ്, ചിൻ-അപ്പ്, സ്കിപ്പിംഗ് എന്നിവ ചെയ്തുകാണിച്ച് ശക്തി തെളിയിക്കാം. കായികക്ഷമത പരീക്ഷിച്ച ശേഷം പോലീസ് യൂണിഫോമിൽ ഒരു ഫോട്ടോയെടുക്കാനും അവസരമുണ്ട്.