കെ. ഷിന്റുലാല്‍
കോഴിക്കോട്: കോവിഡ് ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തില്‍ റോഡില്‍ പരിശോധന നടത്തുന്ന പോലീസുകാര്‍ ഫേസ് ഷീല്‍ഡ് ധരിച്ചില്ലെങ്കില്‍ നടപടി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജാണ് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്.
പോലീസുകാര്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് മുന്‍കരുതലായി ഫേസ് ഷീല്‍ഡ് നിര്‍ബന്ധമാക്കിയത്. വാഹന പരിശോധന നടത്തുന്ന പോലീസുകാര്‍ മാസ്ക് ധരിച്ചതുകൊണ്ടുമാത്രം കോവിഡിനെ മുഴുവാനായും പ്രതിരോധിക്കാനാവില്ലെന്നും അതിനാല്‍ ഗ്ലൗസ്, ഫേസ് ഷീല്‍ഡ്, മാസ്ക്, സാനിറ്റൈസര്‍ എന്നിവ കൃത്യമായി ഉപയോഗിക്കണമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
സ്റ്റേഷനിലുള്ളില്‍ ജോലി ചെയ്യുന്നവരും ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കണം. രേഖകള്‍ വാങ്ങി പരിശോധിക്കുക വഴി രോഗവ്യാപനത്തിന് സാധ്യതയേറെയാണ്. ഇത് തടയാന്‍ ഗ്ലൗസുകള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.
ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. അസി.കമ്മീഷണര്‍മാരും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരും അതത് പരിധിയിലെ സ്റ്റേഷനുകളിലെ പോലീസുകാര്‍ ഇക്കാര്യം ചെയ്യുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
രോഗവ്യാപനം സ്റ്റേഷന് പ്രവര്‍ത്തനങ്ങളെയും ലോക്ക്ഡൗണ്‍ പരിശോധനയേയും മറ്റും പ്രതികൂലമായി ബാധിക്കുമെന്ന ഘട്ടത്തിലാണ് കര്‍ശന നടപടിയിലേക്ക് കമ്മീഷണര്‍ നീങ്ങിയത്.
അഞ്ചു ജില്ലകളില്‍ പോലീസുകാര്‍ക്കിടയില്‍ രോഗവ്യാപനം അതിരൂക്ഷമാണെന്നും ആരോഗ്യവിഭാഗവുമായി ചേര്‍ന്ന് രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആംഡ് പോലീസ് ബറ്റാലിയന് എഡിജിപി കെ.പത്മകുമാറും നേരത്തെ ഉത്തരവിറക്കിയിരുന്നു.
പാലക്കാട്, കോട്ടയം, തൃശൂര്‍ സിറ്റി, മലപ്പുറം, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് പോലീസിനുള്ളില്‍ കോവിഡ് രൂക്ഷമായുള്ളത്. ഏപ്രില്‍ 27 മുതല്‍ ഈ മാസം മൂന്നുവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു എഡിജിപിയുടെ ഉത്തരവ്.