സ്വന്തംലേഖകന്‍
കോഴിക്കോട് : സമൂഹമാധ്യങ്ങളില്‍ അഭിപ്രായം പറയുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയ ഡിജിപിയുടെ ഉത്തരവിന് പിന്നാലെ സേനയിലെ മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവുന്ന മനുഷ്യാവകാശ ലംഘനത്തെ തുറന്നു കാട്ടി പോലീസുകാരൻ.
മൂവാറ്റുപുഴ കല്ലൂര്‍കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഷിബുജോസാണ് സേനാംഗങ്ങള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദം സംബന്ധിച്ച് വ്യക്തമാക്കിയത്.
നിസഹായരാണ് പോലീസുകാർ
അച്ചടക്കത്തിന്റെ കൊടുവാളും സ്പെഷല്‍ റിപ്പോര്‍ട്ടിന്റെ ഗുരുതരാവസ്ഥയും അറിയാവുന്നത് കൊണ്ടാണ് ആരും പ്രതിസന്ധിയിലും പ്രതികരിക്കാത്തതെന്നും ഷിബു വ്യക്തമാക്കി.
പോലീസ് ഉദ്യോഗസ്ഥരില്‍ ആത്മഹത്യാ കൂടുന്നതിനെ പറ്റി ഡിജിപിക്ക് പരാതി കൊടുത്ത എനിക്ക് ഏഴ് ദിവസത്തിനുള്ളില്‍ അച്ചടക്ക നടപടി വന്നതായും ഷിബു ഫേസ്ബുക്കില്‍ കുറിച്ചു.
മനുഷ്യാവകാശം സംരക്ഷിക്കാന്‍ പോലീസ് അഹോരാത്രം പ്രവര്‍ത്തിക്കുമ്പോള്‍ സേനയില്‍ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ഷിബുവിന്റെ പോസ്റ്റ്. ‘ഞാന്‍ ജോലി ചെയ്യുന്ന ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തു.
തുടര്‍ച്ചയായ ഡ്യൂട്ടിയും വിശ്രമം ഇല്ലാത്ത അവസ്ഥകളും മാനസിക പീഡനങ്ങളും നിസാര കാര്യങ്ങള്‍ക്ക് പോലും അച്ചടക്ക നടപടികളും അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും അവധി കിട്ടാത്തതും പോലീസ് ഉദ്യോഗസ്ഥരെ നിസഹായ അവസ്ഥയിലേക്ക് തള്ളി വിടുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സഹായകമായ ഉത്തരവുകള്‍ സേനയില്‍ മനപ്പൂര്‍വം നടപ്പിലാക്കപ്പെടുന്നില്ല.
ആത്മവിശ്വാസം വർധിപ്പിക്കണം
പോലീസ് സേനാംഗങ്ങളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍, അതിന് ഉതകുന്ന രീതിയില്‍ സാഹചര്യം സൃഷ്ടിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. അവര്‍ക്ക് ഒരു സമ്മര്‍ദം വരുമ്പോള്‍ വിളിക്കാന്‍ ഒരു ഫോണ്‍ നമ്പര്‍ കൊടുത്താല്‍ മാത്രം ഇതിന് തക്ക പരിഹാരമാകില്ല.
പോലീസുകാരെ അനാവശ്യ സമ്മര്ദത്തില്പ്പെടുത്തുന്ന മേലുദ്യോഗസ്ഥന്മാര് ചെയ്യുന്നത് സാമൂഹ്യ ദ്രോഹമാണ്. പോലീസുകാര്‍ കാണാന്‍ ചെന്നാല്‍ വൈകിട്ട് വരെ നിറുത്തുകയും മോശമായി സംസാരിക്കുകയും ചെയ്യുന്ന മേലുദുഗസ്ഥര് ഉള്ളപ്പോള്‍ ഇതുകൊണ്ട് ഒന്നും യാതൊരു കാര്യവും ഇല്ല.
ആത്മവിശ്വാസം പോലീസ് സേനാംഗങ്ങളില്‍ വര്‍ധിക്കുന്ന വിധം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കണം.കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കുകയും മേലുദ്യോഗസ്ഥന്മാരില് നിന്നും ജാതീയമായോ വര്‍ഗീയമായോ വിവേചനപരമായ സമീപനം നേരിടുന്നുണ്ടെങ്കില്‍ പരിഹാരം കണ്ടെത്താന്‍ രഹസ്യ സ്വഭാവമുള്ള ഹെല്‍പ്പ്ലൈനുകളും ഉണ്ടാവണം.
സംതൃപ്തമായ ഒരു പോലീസ് സേനയ്ക്കു സംശുദ്ധവും നീതിപൂര്‍വവും നിഷ്പക്ഷവുമായ ഒരു സേവനം ജനങ്ങള്‍ക്ക് കൊടുക്കാന്‍ കഴിയൂ.
സ്വന്തക്കാരെ പോലീസിലെ സ്പെഷല്‍ യൂണിറ്റുകളിലേക്ക് ട്രാന്‍സ്ഫര്‍ കൊടുക്കാന്‍ അഹോരാത്രം പണി എടുക്കുന്ന പോലീസ് സംഘടന നേതാക്കളോട് ഇക്കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കാന്‍ അഭ്യര്‍ഥിക്കുന്നതായും ഷിബു ഫേസ്ബുക്കില്‍ കുറിച്ചു.