കോഴിക്കോട്: പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ലോക്നാഥ് ബഹ്റക്കെതിരേ പോലീസിലും രാഷ്ട്രീയ തലത്തിലും നീക്കം ശക്തമാകുന്നതിനിടെ പരോക്ഷ വിമര്‍ശനവുമായി പോലീസുകാരന്റെ പോസ്റ്റ്.
മോന്സന് മാവുങ്കലിന്റെ വീട്ടിലെത്തിയ പ്രമുഖര്‍ കോടികള്‍ കൊണ്ടുപോയിട്ടുണ്ടാകുമെന്ന് സൂചന നല്‍കിയാണ് കോഴിക്കോട് സിറ്റി പോലീസിലെ സിവില്‍ പോലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
“കനകസിംഹാസനത്തില്‍ ഞെളിഞ്ഞിരുന്ന ശുനകന്മാരെ കേവലം മണ്ടന്മാരാക്കി ചിത്രീകരിച്ച് ഇതൊരു കോമഡി ഷോ ആക്കി അവസാനിപ്പിക്കാനാണ് സാധ്യത.
പക്ഷേ, ആ ശുനകന്മാരിലെ ചില വേന്ദ്രന്മാര് കമഴ്ന്നു വീണാല്‍ കോടികള്‍ കൊണ്ട് പൊങ്ങുന്നവരാണെന്നും ഒന്നും കാണാതെ കുനിഞ്ഞ് നിന്നു കൊടുക്കുന്നവരല്ലെന്നും നമുക്കറിയാം
. ആ ഇലനക്കികളെയും അവരുടെ കിറിനക്കികളെയും പോറ്റാന്‍ കപ്പം കൊടുക്കേണ്ടി വരുന്ന നമ്മളാണ് ശരിക്കും മണ്ടന്മാര്. കനകസിംഹാസനത്തിലിരിപ്പവര് ശുനകനോ ശുംഭനോ എന്നന്തംവിടുന്ന മണ്ടന്മാര് ‘ എന്നാണ് ഉമേഷിന്റെ പോസ്റ്റ്.
പുരാവസ്തു കേസിന്റെ അന്വേഷണം പൂര്‍ത്തിയാകും വരെയെങ്കിലും കൊച്ചി മെട്രോ എംഡി സ്ഥാനത്ത് നിന്ന് ബെഹ്റയെ മാറ്റണമെന്ന് ആവശ്യം വിവിധ തലങ്ങളില്‍ നിന്നുയരുന്നതിനിടെയാണ് സമൂഹമാധ്യമങ്ങള്‍ വഴിയും വിമര്‍ശനമുയരുന്നത്.
നിലവില്‍ സാമ്പത്തിക തട്ടിപ്പെന്ന രീതിയില്‍ മാത്രമാണ് കേസന്വേഷണം പുരോഗമിക്കുന്നത്. ഐപിഎസ്, ഐഎഎസ് തലങ്ങളിലുള്ളവരും മോന്സനുമായും പുരാവസ്തുക്കള്‍ കാണാന്‍ സന്ദര്ശിച്ചുവെന്നതിലുപരിയായി മറ്റെന്തെങ്കിലും ബന്ധമുണ്ടോയെന്നതും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.