പെരുമ്പാവൂർ: പോലീസ് മർദനത്തിൽ നട്ടെല്ലിന് പൊട്ടലേറ്റെന്ന പരാതിയുമായി പെരുമ്പാവൂർ സ്വദേശിയായ വിദ്യാർഥി. പരാതിയെ തുടർന്ന് വിദ്യാർഥിയുടെ മൊഴിയിൽ പാലാ പോലീസ് കേസ് എടുത്തിട്ടുണ്ട്.
വളയൻചിറങ്ങര കണിയാക്കപറമ്പിൽ മധുവിന്റെ മകൻ കെ.എം. പാർഥിപനാണു (19) നാണ് കഴിഞ്ഞ് 29 ന് വാഹന പരിശോധനക്കിടെ പാലാ പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പറയുന്നത്.
നെല്ലിക്കുഴി ഇന്ദിരാഗാന്ധി പോളിടെക്നിക് കോളജിലെ മെക്കാനിക്കൽ വിഭാഗം ഒന്നാം വർഷ വിദ്യാർഥിയായ പാർഥിപൻ കൂട്ടുകാരനെ കാണാൻ പോകുമ്പോഴായിരുന്നു വാഹന പരിശോധനയുടെ പേരിൽ കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പറയുന്നത്.
മർദന വിവരം പുറത്തു പറഞ്ഞാൽ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പാർഥിപൻ പ്രതികരിച്ചു. എന്നാൽ വാഹനം നിർത്താതെ പോയതിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.
പോലീസ് മർദനം നിഷേധിച്ചിട്ടുണ്ട്. അന്ന് അവിടെത്തെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീട് പെരുമ്പാവൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.മർദനത്തിൽ വിദ്യാർഥിയുടെ എല്ലിന് പൊട്ടൽ ഉണ്ടായിട്ടുണ്ട്. പരിക്കിനെ തുടർന്ന് മകന് അനങ്ങാൻ കഴിയുന്നില്ലെന്ന് അമ്മ നിഷ പറയുന്നു.