മനുഷ്യര്‍ക്കെതിരേ കേസെടുക്കുന്നത് സര്‍വ സാധാരണമാണ്. അപൂര്‍വമായി മൃഗങ്ങള്‍ക്കെതിരേയും കേസെടുക്കാറുണ്ട്. എന്നാല്‍ ഒരുപക്ഷെ പ്രേതങ്ങള്‍ക്കെതിരേ കേസെടുക്കുന്നത് ആദ്യമായിട്ടായിരിക്കും.
പ്രേതങ്ങള്‍ തന്നെ ഉപദ്രവിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള യുവാവിന്റെ പരാതിയെത്തുടര്‍ന്ന് ഗുജറാത്ത് പോലീസാണ് പ്രേതങ്ങള്‍ക്കെതിരേ കേസെടുത്തത്.
പരാതി കേട്ട പൊലീസുകാര്‍ തന്നെ ആദ്യമൊന്ന് സംശയിച്ചു. പിന്നീട് യുവാവിന്റെ മാനസികാവസ്ഥ മനസിലാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇയാളെ അനുനയിപ്പിക്കാനാണ് കേസ് പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്തിലെ ജംബുഗോഡ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പരാതിക്കാരന്റെ അസാധാരണ പെരുമാറ്റം കണ്ടപ്പോള്‍ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് പോലീസ് മനസിലാക്കിയിരുന്നു.
പ്രേതങ്ങളില്‍ നിന്നും തനിക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടാണ് ചെറുപ്പക്കാരന് സ്റ്റേഷനിലെത്തിയത്.
പറമ്പില്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോഴാണ് തനിക്ക് പ്രേതങ്ങളുടെ വധഭീഷണി ഉണ്ടായതെന്നും പോലീസ് സ്റ്റേഷനില്‍വെച്ച് പ്രേതങ്ങള്‍ തന്നെ ഉപദ്രവിക്കാന്‍ ധൈര്യപ്പെടില്ലെന്ന ഉറപ്പിലാണ് അവിടേക്കെത്തിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.
പരാതി പരിഗണിച്ച പോലീസ് ചെറുപ്പക്കാരന്റെ ബന്ധുക്കളുമായും സംസാരിച്ചു. ഇതോടെ ഇയാള്‍ക്ക് ചെറിയ മാനസികപ്രശ്നങ്ങള്‍ ഉണ്ടെന്ന് മനസിലാക്കി.
മാനസികരോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നും കഴിഞ്ഞ 10 ദിവസമായി മരുന്ന് കഴിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
യുവാവ് കൃത്യമായി മരുന്ന് കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസ് ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.