കാറില് സഞ്ചരിച്ചു കൊണ്ടിരിക്കെ വീഡിയോ ചിത്രീകരിക്കാനായി സീറ്റ്ബെല്റ്റ് മാറ്റിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പിഴ ചുമത്തി ലങ്കാഷെയര് പോലീസ്.
100 പൗണ്ട് അഥവാ പതിനായിരം രൂപയാണ് പിഴയടക്കേണ്ടതെന്നും എന്നാല് കോടതി മുഖേനയാണ് പിഴ അടക്കുന്നതെങ്കില് ഇത് 500 പൗണ്ട് അഥവാ അമ്പതിനായിരം രൂപയായി വര്ധിക്കുമെന്നും പൊലീസ് പറഞ്ഞു.
കാറില് സഞ്ചരിക്കവേ ബ്രിട്ടനിലെ ലെവലിംഗ് അപ് ഫണ്ടിനെക്കുറിച്ചുള്ള വീഡിയോ ഇന്സ്റ്റഗ്രാമില് പങ്കുവെക്കാനായി റെക്കോര്ഡ് ചെയ്യാനായായി ആയിരുന്നു ഋഷി സുനക് ഈ ‘സാഹസം’കാട്ടിയത്.
വ്യാഴാഴ്ച സുനകിന്റൈ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നു വീഡിയോ പുറത്തു വന്നത്. ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് നീക്കം ചെയ്യുകയായിരുന്നു.
കാറില് സീറ്റ് ബെല്റ്റ് പോലും ധരിച്ച് സഞ്ചരിക്കണമെന്ന് അറിയാത്ത ഒരാള് എങ്ങനെ രാജ്യം ഭരിക്കുമെന്ന് പ്രതിപക്ഷമായ ലേബര് പാര്ട്ടി ആക്ഷേപമുയര്ത്തിയിരുന്നു.
സംഭവത്തില് സുനക് നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. എല്ലാവരും സീറ്റ് ബെല്റ്റ് നിര്ബന്ധമായും ധരിക്കണം എന്നുതന്നെയാണ് പ്രധാനമന്ത്രിയുടെ അഭിപ്രായമെന്നും ഇക്കാര്യത്തില് അദ്ദേഹത്തിന് ജാഗ്രതക്കുറവ് പറ്റിയതാണെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവും നേരത്തെ അറിയിച്ചിരുന്നു.