കോഴിക്കോട്: കോവിഡ് വ്യാപനംമൂലം ഫെസിലിറ്റേറ്റർ കേന്ദ്രം, രോഗ നിർണയ ക്യാന്പ്, വാക്സിനേഷൻ ക്യാന്പ് തുടങ്ങി നിരവധി സംവിധാനങ്ങളൊരുക്കുന്ന തിരക്കിനിടയിൽ റെഡ് അലർട്ടുകൂടി പ്രഖ്യാപിച്ചതോടെ ജില്ലാഭരണകൂടങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജോലിഭാരം ഇരട്ടിച്ചു.
കണ്ടെയിൻമെന്റ് സോൺ, ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോൺ തുടങ്ങിയവ പരിപാലിക്കേണ്ടത് തദ്ദേശ ഭരണസ്ഥാപനങ്ങൾകൂടി ചേർന്നാണ്. പോലീസിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.
കൂടാതെ സംസ്ഥാന പാതയിലെ അനാവശ്യ ഗതാഗതം നിയന്ത്രിക്കേണ്ടതും അവശ്യ സർവീസ് ഗണത്തിൽപ്പെട്ട കടകളിലെ തിരക്ക് നിയന്ത്രിക്കുക തുടങ്ങിയ ചുമതലകളും നിർവഹിച്ച് വരുന്നത് പോലീസാണ്.
കോവിഡ് രോഗികളെ ആശുപത്രികളിലും എഫ്എൽടി സെന്ററുകളിൽ എത്തിക്കുകയും ചെയ്യുന്നത് ഫയർഫോഴ്സുകൂടി ചേർന്നാണ്. കൂടാതെ ഫയർഫോഴ്സ് ഓക്സിജൻ സിലിണ്ടറുകളും സൂക്ഷിക്കുന്നുണ്ട്.
അത്യാവശ്യ ഘട്ടങ്ങളിൽ കോവിഡ് രോഗികൾക്കായി ഉപയോഗിക്കാനാണിത്. തദ്ദേശസ്ഥാപനങ്ങളിലും പോലീസ്, ഫയർ സേനകളിലും അവശ്യത്തിനു ജീവനക്കാരില്ലാത്ത അനസ്ഥയും നിലവിലുണ്ട്. പലരും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
അതിനിടെയാണ് ന്യൂനമർദ്ദത്തെതുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇതോടെ ദുരന്തനിവാരണ നിയമമനുസരിച്ചുള്ള നടപടികൾകൂടി പോലീസ്-ഫയർ സേനകൾ നിർവഹിക്കണം. ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല തദേശ സ്ഥാപനങ്ങൾക്കുമാണ്.
ഇതോടെ ലോക്ഡൗൺ, റെഡ് അലർട്ട് പ്രവൃത്തികൾ ഒരേ സമയം ഏറ്റെടുക്കുന്ന തിരക്കിലാണ് ഇത്തരം സ്ഥാപനങ്ങൾ. പ്രത്യേക സാഹചര്യത്തിൽ റിലീഫ് ക്യാന്പുകൾ നടത്താനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശമുണ്ട്. ജില്ലകളിലെല്ലാം കോവിഡിനുപുറമെ മറ്റൊരു കൺട്രോൾ റൂമുകൂടി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
തീരദേശത്ത് പ്രത്യേക ജാഗ്രതാനിർദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ ബേപ്പൂർ, മാറാട്, കൊയിലാണ്ടി, വടകര തുടങ്ങിയ തീരദേശമേഖലയിൽ കടലാക്രമണം രൂക്ഷമാണ്. ഇവിടങ്ങളിൽ കടലാക്രമണ ഭീഷണിനേരിടുന്ന കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾകൂടി പരിപാലിക്കേണ്ടതിനാൽ ഏറെ പ്രയാസപ്പെട്ടാണ് ഇത്തരം ജോലികൾ അധികൃതർ നടപ്പിലാക്കുന്നത്.മലയോരമേഖലയിൽ രാത്രിസഞ്ചാരം പൂർണമായും നിരോധിച്ചിട്ടണ്ട്. കാറ്റിനെതുടർന്ന് മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി വീഴുമെന്നതിനാലാണ് നിയന്ത്രണം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്.പുഴയോരവാസികൾ, അണക്കെട്ടുകൾക്ക് താഴെ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പുലർത്തണം. വീടുകൾക്ക് ഭീഷണിയായിനിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാനുള്ള ചുമതല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ്. മത്സ്യബന്ധനത്തിനു പോകുന്നതു വിലക്കിയിട്ടുണ്ട്.