കാഞ്ഞിരപ്പള്ളി: പന്തുമായി പാഞ്ഞു പോകുന്നതിനിടെ തൊട്ടു മുന്‍പില്‍ സിഐ സല്യൂട്ട് ചെയ്യണോ അതോ ഗോളടിക്കണോ, ഒരു നിമിഷം ചിന്തിച്ചു. പിന്നെ പന്തുമായി വീണ്ടും ഗോള്‍ പോസ്റ്റിലേക്ക്. കാഞ്ഞിരപ്പള്ളിയില്‍ നടന്ന പോലീസുകാരുടെ ഫുട്‌ബോള്‍ മത്സരം കാണികള്‍ക്ക് സമ്മാനിച്ചത് ആവേശത്തിനൊപ്പം രസകരമായ നിമിഷങ്ങളും. കാഞ്ഞിരപ്പള്ളി പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിലായിരുന്നു കുന്നുംഭാഗം സ്കൂള്‍ ഗ്രൗണ്ടില്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മുതല്‍ സിഐമാര്‍വരെയുള്ള പോലീസുകര്‍ക്കായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചത്. പോലീസുകാര്‍ക്കിടയിലുള്ള മാനസിക പിരിമുറുക്കം ഒഴിവാക്കുക, ശാരീരിക ക്ഷമത ഉറപ്പാക്കുക എന്നതായിരുന്നു മത്സരം സംഘടിപ്പിക്കുകവഴി ലക്ഷ്യമിട്ടത്.
സബ് ഡിവിഷന് കീഴിലെ നാല് സി ഐമാരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് പരസ്പരം ഏറ്റുമുട്ടിയത്. പരിചയസമ്പന്നതയുള്ള കളിക്കാരെപ്പോലെ ചടുല നീക്കങ്ങളുമായി ചിലര്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ കുടവയറുമായി പന്തിനടുത്തേക്ക് ഓടിയെത്താന്‍ ബുദ്ധിമുട്ടിയവരും കൂട്ടത്തിലുണ്ടായിരുന്നു. തല കൊണ്ട് തടയാന്‍ കഴിയാത്തതിനാല്‍ കൈ കൊണ്ട് പന്ത് തടുത്തവരും കുറവായിരുന്നില്ല. പ്രതിക്ക് പിന്നാലെ ഓടുന്നതു പോലെയായിരുന്നു പന്തിന് പിന്നാലെയുള്ള ചില പോലീസുകാരുടെ ഓട്ടം. പക്ഷേ, കളിച്ച് പരിചയയുള്ളവരും ആദ്യമായി കളത്തിലിറങ്ങിയവരും ഒരേ ആവേശത്തോടെയാണ് മത്സരത്തെ സമീപിച്ചത്.
മത്സരത്തില്‍ പൊന്‍കുന്നം സിഐയുടെ നേതൃത്വത്തിലുള്ള ടീമാണ് വിജയികളായത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു വിജയം. മണിമല സിഐയുടെ നേതൃത്വത്തിലുള്ള ടീമിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി സിഐയുടെ നേതൃത്വത്തിലുള്ള ടീമാണ് മൂന്നാം സ്ഥാനം നേടിയത്. ഡിവൈഎസ്പി കെ.എം. ജിജിമോന്റെ നേതൃത്വത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.