സ്വന്തം ലേഖകന്‍
കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവ് ദുരുപയോഗം ചെയ്യുന്നതായി പോലീസ്. സര്‍ക്കാര്‍ ഇളവുകളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സ്ഥിതിയാണുള്ളത്.
പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കൈയില്‍ കരുതുകയും ജോലി ആവശ്യാര്ത്ഥമാണെന്ന് അറിയിക്കുകയുമാണ് പതിവ്. എന്നാല്‍ പലരും ജോലിക്കായല്ല പുറത്തിറങ്ങുന്നതെന്നാണ് പോലീസ് പറയുന്നത്.
ഇത്തരക്കാരെ തടഞ്ഞ് തിരിച്ചയക്കുന്ന പക്ഷം മേലുദ്യോഗസ്ഥരില്‍ നിന്ന് പഴി താഴെതട്ടിലുള്ള പോലീസുകാര്‍ക്കാണ് കേള്‍ക്കേണ്ടതായി വരുന്നത്.
അതേസമയം റോഡില്‍ വാഹനങ്ങള്‍ കൂടുന്നുത് കണ്ടാലും മേലുദ്യോഗസ്ഥര്‍ പിക്കറ്റ് പോസ്റ്റിലും മറ്റും ഡ്യൂട്ടിയിലുള്ള പോലീസുകാരെ ശകാരിക്കുകയാണ് ചെയ്യുന്നത്.
ഇതോടെ പരിശോധന നടത്തുന്ന പോലീസുകാര്‍ എപ്രകാരം ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുമെന്ന കാര്യത്തില്‍ ആശങ്കയിലായി.
അതേസമയം ഇളവുകള്‍ കൂടുതല്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നഗരത്തില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധനക്ക് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ് നിര്‍ദേശം നല്കി.
പോലീസ് പാസില്ലാതേയും സത്യവാങ്മൂലമില്ലാതേയും വരുന്നവര്‍ക്ക് യാതൊരു ഇളവുകളും പോലീസ് അനുവദിക്കരുതെന്നാണ് കമ്മീഷണറുടെ നിര്‍ദേശം.
ഓരോ വാഹനവും പിക്കറ്റ് പോസ്റ്റുകളില്‍ നിര്‍ത്തിച്ച് പരിശോധന നടത്തണമെന്നും മതിയായ രേഖകളില്ലാത്തവരേ യാത്ര തുടരാന്‍ അനുവദിക്കാതെ തിരിച്ചയക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശം നല്കി.
സിറ്റിയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും പരിശോധനക്കായി നിരത്തിലിറങ്ങണം. പിക്കറ്റ് പോസ്റ്റുകളില്‍ സാധാരണ വാഹനത്തിന്റെ നമ്പര്‍ മാത്രം എഴുതി വിട്ടയക്കുന്ന രീതി ഇനി ആവര്‍ത്തിക്കരുതെന്നും കമ്മീഷണര്‍ നിര്‍ദേശം നല്കി.
ഇതര ദേശതൊഴിലാളികള് ഓട്ടോയിലും മറ്റും റെയില്‍വേസ്റ്റേഷനിലേക്ക് ധാരാളം എത്തുന്നുണ്ട്. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും വിവരങ്ങള്‍ അറിയാനുമാണ് ഇവര്‍ ഓട്ടോവിളിച്ച് എത്തുന്നതെന്നാണ് പറയുന്നത്.
എന്നാല്‍ ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റ്കൈവശമുള്ളവരെ മാത്രം യാത്രയ്ക്ക് അനുവദിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.
വാഹനവുമായി പുറത്തിറങ്ങുന്നവര്‍ മോട്ടോര്‍വാഹന നിയമം പാലിക്കുന്നില്ല. കോവിഡ് ഇളവിനെ തുടര്‍ന്ന് പോലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചിരുന്നില്ല.
എന്നാല്‍ ഇന്ന് മുതല്‍ മതിയായ രേഖകളില്ലാത്തവര്ക്കെതിരേ നടപടി സ്വീകരിക്കും. ലൈസന്‍സ്, ഹെല്‍മെറ്റ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ്, ടാക്സ്,ഇന്‍ഷ്വറന്‍സ് എന്നീ എല്ലാ രേഖകളും പോലീസ് പരിശോധിക്കും.
ഇല്ലാത്തവര്‍ക്കെതിരേ പിഴ ചുമത്തുമെന്നും പോലീസ് പറഞ്ഞു .