കോട്ടയം: കെവിന് വധക്കേസില്‍ നിന്ന് കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്ന രക്ഷപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി. ഇവരെ കേസില്‍ പ്രിതിയാക്കേണ്ട സാഹചര്യം നിലവിലില്ലന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടു പോയതും മര്‍ദ്ദിച്ചതും താനറിഞ്ഞില്ലന്നും ഭര്‍ത്താവിനും മകനും മാത്രമേ വിവരങ്ങള്‍ അറിയാമായിരുന്നുള്ളു എന്നുമുള്ള ഇവരുടെ വാദത്തെ ഖണ്ഡിക്കാന്‍ കഴിയുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
കെവിന്റെ മരണത്തില്‍ രഹ്നയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന തരത്തിലായിരുന്നു ആദ്യനാളുകളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. മാന്നാനത്തെ കെവിന്റെ ബന്ധുവീടിനെക്കുറിച്ചുള്ള വിവരം അക്രമി സംഘത്തിന് കൈമാറിയത് രഹ്നയാണെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഭര്‍ത്താവ് ചാക്കോ അറസ്റ്റിലായിട്ടും ഇവര്‍ പൊലീസിനെ വെട്ടിച്ച് നടന്നതും ഒളിവിലിരുന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതുമെല്ലാം ആരോപണങ്ങളുടെ ആക്കം കൂട്ടി. അയല്‍വീട്ടുകാരോട് ആശുപത്രിയില്‍ പോകുന്നു എന്ന് പറഞ്ഞാണ് ചാക്കോയും രഹനയും കെവിന്റെ മൃതദ്ദേഹം കണ്ടെത്തിയതിന് പിന്നാലെ തെന്മല പൊലീസ് സ്റ്റേഷന് പരിധിയിലെ ഒറ്റയ്ക്കല്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള വീട്ടില്‍ നിന്നും കാറില്‍ സ്ഥലം വിട്ടത്.പൊലീസ് അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ഒളിവില്‍ പോയ ഇവര്‍ പോലീസിന് പിടികൊടുക്കാതെ കഴിഞ്ഞതോടെ ഇവര്‍ക്കെതിരേയുള്ള പ്രചാരണം ശക്തി പ്രാപിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയ ശേഷം ഇവര്‍ വീട്ടിലെത്തിയിരുന്നതായും ഇവര്‍ പോയിക്കഴിഞ്ഞാണ് പോലീസ് വിവരം അറിഞ്ഞതെന്നും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെങ്കില്‍ ഇവര്‍ ഒളിവില്‍ കഴിഞ്ഞതെന്തിന് എന്ന ചോദ്യത്തിന് ഉത്തരം തേടാതെയാണ് ഇപ്പോള്‍ പോലീസ് ഇവരെ കുറ്റവിമുക്തയാക്കാനൊരുങ്ങുന്നത്. എന്നാല്‍ രഹ്നയ്ക്ക് കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന നിലപാടിലാണ് കെവിന്റെ ഭാര്യ നീനു.
വീട്ടിലെ എല്ലാകാര്യങ്ങളും മാതാവിന്റെ അറിവോടെയാണ് നടന്നിരുന്നതെന്നും ഇക്കാര്യത്തില്‍ മാത്രം ഇത് മാറി സംഭവിക്കില്ലന്നുമാണ് നീനു ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. മുങ്ങിമരണമെന്ന നിഗമത്തിലാണ് ആദ്യം മുതല്‍ അന്വേഷണം പുരോഗമിച്ചിരുന്നത്.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും രാസപരിശോധന ഫലവും ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നതുമാണ്.വെള്ളം ഉള്ളില്‍ച്ചെന്ന സാഹചര്യത്തെക്കുറിച്ച് ഇനിയും കൃത്യമായ സ്ഥരീകരണമായിട്ടില്ലന്നാണ് സൂചന. കെവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം മുക്കിക്കൊല്ലുകയായിരുന്നുവെന്നാണ് ഏറെപ്പേരും സംശയിക്കുന്നത്. കേസ് സിബിഐയ്ക്ക് വിടണമെന്നും ആവശ്യമുയരുന്നുണ്ട്.