കോട്ടയം: പോലീസിന്റെ സല്യൂട്ട് സ്വീകരിക്കാന്‍ ഇനി മരങ്ങളും. കളക്ടറേറ്റിനു പിന്നിലുള്ള പോലീസ് പരേഡ് ഗ്രൗണ്ടിനെ ഇനി പോലീസുകാരുടെ മരങ്ങള്‍ ഹരിതാഭമാക്കും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ജില്ലാ പോലീസ് ചീഫ് മുതല്‍ ഡിവൈഎസ്പിമാരും ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരും പരേഡ് ഗ്രൗണ്ടില്‍ മരങ്ങള്‍ നട്ടത്.
അധികം ഉയരം വയ്ക്കാത്ത ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട മാവ്, പ്ലാവ്, റംബൂട്ടാന്, പേര, നെല്ലി, ഞാവല്‍ മരങ്ങളുടെ തൈകളാണ് ഗ്രൗണ്ടിനു ചുറ്റും നട്ടിരിക്കുന്നത്. പ്രവേശന കവാടത്തില്‍ ആദ്യം ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് നട്ടിരിക്കുന്ന മാവാണ്. തൊട്ടടുത്ത് അഡീഷണല്‍ എസ്പിയുടെ പേരിലും മാവ്.
തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ ഡിവൈഎസ്പിമാരും എസ്എച്ച്ഒ മാരും പോലീസ് ഡിവിഷനുകളുടെ പേരില്‍ മാവും പ്ലാവും റംമ്പുട്ടാനും നട്ടത്. ഓരോ മരത്തിന്റെയും സംരക്ഷണ വേലിയില്‍ അതതു പോലീസ് ഉദ്യോഗസ്ഥരുടെ പേരും സ്ഥാനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കു തന്നെയാണ് മരത്തിന്റെ മേല്‍നോട്ടവും പരിപാലനവും. പരിസ്ഥിതി സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനൊപ്പം മികച്ച ഒരു മാതൃക കൂടി കാട്ടിതരുകയാണ് ജില്ലയിലെ നിയമ പാലകര്‍.
പോലീസുകാര്‍ക്ക് പരേഡ് നടത്തുന്നതിനും പരിശീലനം നടത്തുന്നതിനുമായിട്ടുള്ളതാണ് ജില്ലാ പോലീസിന്റെ നേരിട്ടുള്ള ചുമതലയിലുള്ള പോലീസ് പരേഡ് ഗ്രൗണ്ട്. സ്വാതന്ത്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പോലീസ് പരേഡ് ഇവിടെയാണു നടക്കുന്നത്. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ ഗ്രൗണ്ട് മറ്റൊന്നിനും വിട്ടുനല്‍കാറില്ല. പ്രഭാത-സായാഹ്ന നടപ്പുകാരും ഏറെയുണ്ടിവിടെ.