ഏറ്റുമാനൂർ: അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ പോലീസ് സഹോദരങ്ങളെ കമിതാക്കളായി ചിത്രീകരിച്ച് മാനസികമായി ബുദ്ധിമുട്ടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ ദുരൂഹതയേറുന്നു.യുവതിയെ കാണാനില്ലെന്നുള്ള പരാതിയുടെ പേരിൽ മുളന്തുരുത്തി പോലീസാണ് കാണക്കാരി വടക്കേമറ്റപ്പള്ളിൽ ജോസ് മാത്യുവിന്റെ വീട്ടിൽ അർദ്ധരാത്രിയിൽ കയറി അതിക്രമം കാട്ടിയത്.
കഴിഞ്ഞ 30ന് രാത്രി ഒരുമണിയോടെയായിരുന്നു സംഭവം.രാത്രിയിൽ ജോസ് മാത്യുവിന്റെ വീട് വളഞ്ഞ പോലീസ് വാതിൽ ബലമായി തള്ളിത്തുറന്ന് ഉള്ളിൽ കടക്കുകയും അദ്ദേഹത്തിന്റെ മകനാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ജോസ് മാത്യുവിന്റെ മകനെയും മകളെയും കമിതാക്കളായി ചിത്രീകരിച്ച് ആക്ഷേപിക്കുകയും മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്തു.ഒടുവിൽ ജോസ് മാത്യു ഐ ജി ഓഫീസുമായി ബന്ധപ്പെടുകയും ഐ ജി ഓഫീസിൽനിന്ന് കർശന നിർദേശം നൽകുകയും ചെയ്തതോടെയാണ് പോലീസ് പിന്തിരിഞ്ഞ്.
യൂണിഫോമിലുള്ള മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കാണാതായ യുവതിയുടെ പിതാവെന്ന് കരുതുന്ന ഒരാളും ഉൾപ്പെടെ എട്ടുപേരാണ് പോലീസ് ജീപ്പിൽ എത്തിയത്. യൂണിഫോമിലുണ്ടായിരുന്നത് മുളന്തുരുത്തി പോലീസ് സ്റ്റേഷനിലെ എസ്ഐ ഗോപിയും ഒരു വനിതാപോലീസും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനുമാണ്.മറ്റുള്ളവർ മഫ്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് കരുതിയിരുന്നത്.ജോസ് മാത്യുവിന്റെ വീട് ഉൾപ്പെടുന്ന പ്രദേശം കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വരുന്നതിനാൽ ഇവർ അവിടെനിന്നുള്ളവരാണെന്നു കരുതി.
എന്നാൽ പോലീസിനൊപ്പം പോലീസ്ജീപ്പിൽ എത്തുകയും ജോസ് മാത്യുവിന്റെ വീട് വളയുകയും ചെയ്തവർ പോലീസുകാരല്ലായിരുന്നു എന്ന സംശയം ഇപ്പോൾ ബലപ്പെടുകയാണ്. മുളന്തുരുത്തി സ്റ്റേഷനിൽനിന്ന് എസ്ഐ ഗോപിയും വനിതാപോലീസും ഉൾപ്പെടെ മൂന്നുപേർ മാത്രമേ പോന്നിട്ടുള്ളു. കുറവിലങ്ങാട് സ്റ്റേഷനിൽനിന്ന് പോലീസുകാരാരും എത്തിയിരുന്നില്ലെന്നാണ് സ്റ്റേഷനിൽനിന്ന് അറിയാൻ കഴിഞ്ഞത്.
യുവതിയെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട് ആക്രമിക്കുന്നതിനുവേണ്ടി ഗുണ്ടകളുമായി എത്തിയതാണോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. പോലീസുകാരല്ലാത്ത ഒരുസംഘം ആളുകളുമായി പോലീസ് ജീപ്പിൽ എത്തിയതാണ് ഇത്തരത്തിൽ സംശയമുയർത്തുന്നത്. തക്കസമയത്ത് ഐ ജി ഓഫീസുമായി ബന്ധെ പ്പടാനായതും ഐ ജി ഓഫീസിൽനിന്നു അടിയന്തര ഇടപെടൽ ഉണ്ടായതുംകൊണ്ടു മാത്രമാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ജോസ് മാത്യു പറയുന്നു.