കോട്ടയം: കോട്ടയം ജില്ലയിലെ പോലീസ്- ഗുണ്ടാമാഫിയ ബന്ധം പുറത്ത്. ചങ്ങനാശേരി ഡിവൈഎസ്പി, സൈബർ സെൽ എസ്എച്ച്ഒ അടക്കം നാലു പോലീസുകാർക്കു ഗുണ്ടാമാഫിയ ബന്ധമെന്ന് ഐജിയുടെ റിപ്പോർട്ടിലാണ് ജില്ലയിലെ ഡിവൈഎസ്പി മുതൽ പോലീസുകാർവരെയുള്ളവരുടെ ഞെട്ടിക്കുന്ന ഗുണ്ടാബന്ധം പുറത്തായത്.
ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാർ, കോട്ടയം സൈബർ സെൽ എസ്എച്ച്ഒ എം.ജെ. അരുണ്‍, എഎസ്ഐമാരായ അരുണ്‍ കുമാർ, പി.എൻ. മനോജ് എന്നിവർക്കെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ആരോപണമുയർന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി ശിപാർശ ചെയ്ത് ഐജി പി. പ്രകാശ് ഡിജിപിക്കു റിപ്പോർട്ട് നൽകി.
കുപ്രസിദ്ധ
ഗുണ്ടയുമായി ബന്ധം
കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട അരുണ്‍ ഗോപനുമായി ഉദ്യോഗസ്ഥർക്കു ബന്ധമുണ്ടെന്നാണു റിപ്പോർട്ടിൽ പറയുന്നത്. നാളുകൾക്കു മുന്‍പാണ് കോട്ടയം നഗരത്തിലെ ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട് അരുണ്‍ ഗോപനെ പ്രത്യേക അന്വേഷണസംഘം മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ഫോണ്‍ പരിശോധിച്ചതോടെയാണു പോലീസ് ബന്ധം പുറത്തായത്. ഹണിട്രാപ്പ് കേസിൽ പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ അരുണ്‍ ഗോപൻ മുങ്ങിയിരുന്നു.
കർണാടകയിൽ ഒളിവിൽ കഴിഞ്ഞ ഇയാൾ മലപ്പുറത്തു പണമിടപാട് തുടങ്ങി വിലസുന്പോഴാണു പിടിയിലാകുന്നത്.
ഡിവൈഎസ്പിയുടെ ഭീഷണി
അറസ്റ്റ് ചെയ്ത അരുണ്‍ ഗോപനെ കോട്ടയത്തെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ അന്നു രാത്രിതന്നെ സ്റ്റേഷനിലെത്തിയ ഡിവൈഎസ്പി ആർ. ശ്രീകുമാർ, അരുണ്‍ ഗോപനോടു തന്റെ പേരു പുറത്തുപറഞ്ഞാൽ വകവരുത്തുമെന്നു ഭീഷണിപ്പെടുത്തിയതായി ആരോപണമുയർന്നിരുന്നു.
ഈ റിപ്പോർട്ട് ഐജിക്കു കൈമാറുകയും ഐജി നടത്തിയ അന്വേഷണത്തിനു ശേഷം റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്കു സമർപ്പിക്കുകയും ചെയ്തു.
അരുണ്‍ ഗോപനെ മുന്‍പ് ഗാന്ധിനഗർ പോലീസ് ചീട്ടുകളി കേസിൽ പിടികൂടിയപ്പോൾ ആരോപണവിധേയനായ ഡിവൈഎസ്പി ആർ. ശ്രീകുമാർ നേരിട്ട് ഇടപെട്ടു ജാമ്യം നൽകിയെന്ന വിവരവും ഭീഷണിപ്പെടുത്തിയ സംഭവത്തിനു പിന്നാലെ പുറത്തുവന്നു.
മാസപ്പടി കൃത്യം
ഡിവൈഎസ്പി അടക്കമുള്ള ആരോപണവിധേയരായ പോലീസുകാർ അരുണ്‍ ഗോപനുൾപ്പെടെയുള്ള പല ഗുണ്ടാത്തലവന്മാരിൽനിന്നും മാസപ്പടി കൈപ്പറ്റിയിരുന്നതായി ആരോപണമുണ്ട്.
ഇത് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. അരുണ്‍ ഗോപൻ ഒളിവിലായിരുന്നപ്പോൾ പോലീസിന്റെ നീക്കങ്ങൾ കൃത്യമായ ഇടവേളകളിൽ ഡിവൈഎസ്പിയും എസ്എച്ച്ഒയുമുൾപ്പെടെയുള്ളവർ രഹസ്യമായി അറിയിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
സിഐക്കും രണ്ടു പോലീസുകാർക്കുമെതിരേ വകുപ്പ് തല അന്വേഷണമാണു നടക്കുന്നത്. ഡിവൈഎസ്പിക്കെതിരായ അന്വേഷണത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും.