കോട്ടയത്ത് ഗുണ്ടാ ബന്ധത്തിന്റെ പേരിൽ നാലു പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്പോഴും ഒരു ഗുണ്ടയെ പിടികൂടുന്നതിനു മറ്റൊരു ഗുണ്ടയുടെ സഹായം തേടിയെന്നാണ് പോലീസിനു പറയാനുള്ള വിചിത്ര ന്യായം.
ജില്ലയിലെ ക്വട്ടേഷൻ, കഞ്ചാവ്, ബ്ലേഡ് മാഫിയ, ചീട്ടുകളി മാഫിയ ഉപ്പെടെയുള്ള സംഘങ്ങളുമായി ബന്ധമുള്ള നിരവധി പോലീസുകാരുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
ഓരോ സംഘങ്ങളും എതിർവിഭാഗത്തെ ഒറ്റാൻ ഒരു വിഭാഗം പോലീസുകാർക്കു വിവരങ്ങൾ ചോർത്തിനൽകും. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റുകളെല്ലാം പരസ്പരമുള്ള ഒറ്റാണ്.
ഇതിനായി സ്വാഭാവികമായും ഗുണ്ടകളുമായി ബന്ധം പുലർത്തേണ്ടി വരുമെന്നാണ് പോലീസ് പറയുന്നത്.ഇത്തരത്തിലുള്ള ബന്ധത്തിൽനിന്നാണോ അരുണ്‍ ഗോപനുമായിട്ടുള്ള സൗഹൃദം പോലീസുകാർക്കുണ്ടായതെന്നും അന്വേഷിക്കുന്നുണ്ട്.
പണം വാരിയെറിഞ്ഞിരുന്ന ഗോപൻ പോലീസിന്റെ പലനീക്കങ്ങളും മനസിലാക്കിയിരുന്നു. ഇയാൾക്ക് ഒളിവിൽ കഴിയാൻ പോലീസിന്റെ സഹായം ലഭിച്ചിരുന്നു.
അരുണ്‍ ഗോപനെതിരെ അന്വേഷണം നടക്കുന്ന സമയത്ത് ഒരു എസ്ഐ അരുണ്‍ ഗോപൻ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തിന്റെ വിവരങ്ങൾ ശേഖരിച്ച് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കു കൈമാറിയിരുന്നു.
എന്നാൽ, വിവരം നൽകിയ ഉദ്യോഗസ്ഥനെ താക്കീത് ചെയ്യുകയാണുണ്ടായത്. അരുണ്ഗോപൻ താമസിച്ചിരുന്ന താവളങ്ങളെക്കുറിച്ചു വിവരം എസ്പിക്കു ലഭിക്കുകയും റെയ്ഡിനു പോലീസുകാരെ നിയോഗിക്കുകയും ചെയ്തെങ്കിലും മൂന്നു സ്ഥലങ്ങളിൽനിന്നും അരുണ്ഗോപൻ രക്ഷപ്പെട്ടതു രഹസ്യവിവരം ലഭിച്ചതുകൊണ്ടാണ്.