തൃശൂർ: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ഗുണ്ടാ, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഇരുനൂറു പേരെ കഴിഞ്ഞ മൂന്നു ദിവസത്തിനകം കസ്റ്റഡിയിലെടുത്തെന്നു റൂറൽ എസ്പി അറിയിച്ചു. ഇതിൽ കാപ്പ നിയമമനുസരിച്ച് കേസെടുത്ത് കരുതൽ തടങ്കലിലാക്കുന്നവർക്കെതിരേ നടപടികൾ ആരംഭിച്ചിട്ടുമുണ്ട്.
ഗുണ്ടകളെ പിടികൂടാനുള്ള റെയ്ഡുകൾ ഇനിയും തുടരുമെന്നും പോലീസ് മേധാവി എൻ. വിജയകുമാർ അറിയിച്ചു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാഷിക്, സുബിൻ, മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ ജാഫർ, പ്രകാശൻ, സുജിത്, സജിത് എന്നിവരാണു പിടിയിലായ പ്രതികളിൽ പ്രധാനികൾ.
ഗുണ്ടാവേട്ടയുടെ ആദ്യദിനമായ 21 നു 170 പേരെയും രണ്ടാം ദിവസം 16 പേരേയും മൂന്നാം ദിനമായ ഇന്നലെ 14 പേരേയുമാണ് പിടികൂടിയത്. ഇന്നലെ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ഏറ്റവും കൂടുതൽ പേരെ പിടിച്ചത്. പത്തുപേരെ ഇവിടെനിന്നു കസ്റ്റഡിയിലെടുത്തു. ഏറ്റവും കൂടുതൽ പേരെ അറസ്റ്റുചെയ്തത് 21 നു കൊടകരയിൽനിന്നാണ്, 18 പേർ. പതിനേഴുപേരുമായി വടക്കേക്കാടും 15 പേരുമായി കാട്ടൂർ പോലീസ് സ്റ്റേഷനും തൊട്ടുപിറകിലുണ്ട്.
കാപ്പ ചുമത്തിയത് ശരിവച്ചു
തൃശൂർ: കൊലപാതക ശ്രമമുൾപ്പെടെ നിരവധി കേസുകളിലെ പ്രതി അഞ്ചേരി മേനാച്ചേരി വീട്ടിൽ പത്രോസിന്റെ മകൻ മിഥുനെ (26) കാപ്പാ നിയമപ്രകാരം ആറുമാസത്തെ കരുതൽ തടങ്കലിലാക്കിയ നടപടിക്ക് അംഗീകാരം. കുപ്രസിദ്ധ ഗുണ്ടാത്തലവൻ കറന്പൂസ് എന്ന ജിയോയുമായി ചേർന്ന് രഞ്ജു എന്ന യുവാവിനെ നെല്ലായിയിൽവച്ച് വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനു കൊടകര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. കുരിയച്ചിറ സ്വദേശി വിനോദ് ഗുണ്ടാസംഘത്തിനെതിരേ പരാതി നല്കിയിരുന്നു.
ഇതിന്റെ വൈരാഗ്യം തീർക്കാൻ വിനോദിന്റെ വീട്ടിൽ ഗുണ്ടാസംഘം വടിവാളുകളും മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്ത കേസിലും പ്രതിയാണ്. വളർകാവിലെ മറ്റൊരു വീട്ടിൽ അതിക്രമം നടത്തിയതിനും ഇയാൾക്കെതിരേ കേസുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ ശിപാർശയനുസരിച്ച് ജില്ലാ മജിസ്ട്രേട്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസമാണ് ഇയാളെ ഒല്ലൂർ പോലീസ് അറസ്റ്റുചെയ്തത്. കാപ്പ നിയമപ്രകാരമുള്ള അറസ്റ്റിനെതിരേ ഇയാൾ കാപ്പ ഉപദേശക സമിതിക്കു മുന്പാകെ ഇയാൾ പരാതി നൽകിയിരുന്നു. ഉപദേശക സമിതി വിയ്യൂർ ജയിലിൽ ഇയാളുടെ വാദം കേട്ടശേഷമാണ് അറസ്റ്റ് നടപടി ശരിവച്ചുകൊണ്ടുള്ള ഉത്തരവു പുറപ്പെടുവിച്ചത്.