കോഴിക്കോട്: പോലീസ് സേനാംഗങ്ങളുടെ മാനസിക പീഢനത്തിനെതിരേ ഭരണാനുകൂല സംഘടന പരസ്യമായി രംഗത്ത്. പോലീസുദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടാകുന്ന ആന്തരികവും ബാഹ്യവുമായ അനാവശ്യ മാനസിക പീഡനങ്ങള്‍ക്കെതിരെ അതിശക്തമായി പ്രതികരിക്കുവാന്‍ കേരള പോലീസ് അസോസിയേഷന് നിര്‍ബന്ധിതമായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കികൊണ്ട് പോലീസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. അനില്‍കുമാര്‍ രംഗത്തെത്തി.
ഈ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും സംസ്ഥാന പോലീസ് മേധാവിയോടും ആവശ്യപ്പെടുമെന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് പോലീസ് സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യയുടെ കാരണങ്ങള്‍ക്ക് പിന്നില്‍ തൊഴില്‍പരമായ കാര്യങ്ങള്‍ കൂടി ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ‘ പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന ആത്മഹത്യകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് വളരെയധികം ആശങ്കയുളവാക്കുന്നതാണ്.
എന്തു കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് പരിശോധിക്കുമ്പോള്‍ അത് വ്യക്തിപരമോ, കുടുംബപരമോ, സാമ്പത്തികപരമോ ആയ കാരണങ്ങള്‍ കൊണ്ട് മാത്രമല്ല തൊഴില്‍പരമായ കാര്യങ്ങള്‍ കൂടി കൊണ്ടാണ് എന്നാണ് ബോധ്യമാകുന്നത്. തൊഴില്‍പരമായ കാര്യങ്ങള്‍ കൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങള്‍ വസ്തുതാപരമായി പരിശോധിച്ച് പരിഹരിക്കേണ്ടതാണ്.
ദൈനംദിനം തൊഴിലിടങ്ങളില്‍ അതിസങ്കീര്‍ണ്ണമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പോലീസിലെ അംഗസംഖ്യ ജനസംഖ്യാനുപാതികമല്ല എന്നുള്ളതുകൊണ്ടു തന്നെ അമിതമായ ജോലിഭാരം ഓരോ പോലീസുദ്യോഗസ്ഥന് മേലും അടിച്ചേല്‍പ്പിക്കപ്പെടുന്നുണ്ട്. അതിനോടൊപ്പം ഒറ്റപ്പെട്ടതാണെങ്കിലും ചില മേലുദ്യോഗസ്ഥരുടെ അമിതാധികാര പ്രവണത പോലീസുദ്യോഗസ്ഥരെ കൂടുതല്‍ മാനസിക സമ്മര്‍ദ്ദങ്ങളിലേക്ക് തള്ളിവിടുന്നുണ്ട്.
പൊതുവായി പരിശോധിക്കുമ്പോള്‍ ഇവര്‍ ന്യൂന പക്ഷമാണെങ്കിലും അവര്‍ ഉയര്‍ത്തുന്ന സമീപനങ്ങള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് കടുത്ത മാനസിക ആഘാതം ഉണ്ടാക്കുന്നുണ്ടോയെന്നും ആത്മഹത്യകളിലേക്ക് നയിക്കുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതാണ്. പൊതുജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്ന് നിഷ്കര്‍ഷയുള്ള സംസ്ഥാനത്ത് പോലീസുദ്യോഗസ്ഥര്‍ക്ക് തന്റെ തൊഴിലിടങ്ങളില്‍ മാന്യമായ പെരുമാറ്റം അനുഭവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അത് അതീവ ഗൗരവതരമായി കാണേണ്ടതാണ്.
ആന്തരിക വേട്ടയാടലുകള്‍ കൂടി വന്നാല്‍ കൂടുതല്‍ പോലീസ് കുടുംബങ്ങള്‍ അനാഥമാകുന്നത് നമുക്ക് ഇനിയും കാണേണ്ടി വരും. പോലീസുദ്യോഗസ്ഥന് തൊഴിലിടങ്ങളിലെ മാനസിക പീഢകള്‍ മൂലം ജീവന് നഷ്ടപ്പെടുത്താതിരിക്കാനായി സംഘടനാംഗങ്ങള്ക്കൊപ്പം പോലീസ് സംഘടന അതീവ ജാഗ്രതയോട് കൂടി പ്രവര്‍ത്തിക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.