മട്ടന്നൂർ: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ചതിന് താനുൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആക്രമിച്ചെന്ന പരാതിയിൽ തെളിവില്ലെന്ന പോലീസ് വിശദീകരണത്തിനെതിരേ നിയമ പോരാട്ടം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്.
തങ്ങളെ ഇ.പി. ജയരാജൻ ആക്രമിച്ചെന്നു കാണിച്ച് രണ്ടു തവണ പരാതി നൽകിയിട്ടും പോലീസ് കേസെടുത്തിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനു കീഴിലുള്ള പോലീസിൽനിന്നു നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല.
മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരു വർഷമായിട്ടും കുറ്റപത്രം നൽകാൻ എന്തുകൊണ്ടാണു പോലീസിനു സാധിക്കാത്തതെന്നും ഫർസീൻ മജീദ് ചോദിച്ചു.
ഇ.പി. ജയരാജനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പരാതിക്കാർക്ക് നോട്ടീസും നൽകിയിരുന്നു.
യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, ആർ.കെ നവീൻ കുമാർ എന്നിവർക്കാണ് തിരുവനന്തപുരം വലിയ തുറ പോലീസ് നോട്ടീസ് നൽകിയത്.
2022 ജൂണിലാണ് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വച്ചു മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചത്.
പ്രതിഷേധിച്ച തങ്ങളെ ഇ.പി.ജയരാജൻ ആക്രമിച്ചുവെന്നു കാണിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.