തളിപ്പറമ്പ്: ഹൈവേ പോലീസ് ഒളിച്ചു നിന്ന് റോഡിലേക്ക് ചാടി വീണ് ഇരുചക്രവാഹനയാത്രക്കാരെ ഹെൽമറ്റിന്റെ പേരിൽ വേട്ടയാടുന്നതായി ഡിജിപിക്ക് പരാതി. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ദേശീയ പാതയിൽ താഴെ ബക്കളത്തു വെച്ച് ഇത്തരത്തിൽ ഇരുചക്രവാഹനയാത്രക്കാരനായ തന്നെ തടഞ്ഞത് അപകടത്തിനിടയാക്കിയതായി പരിയാരം ചിതപ്പിലെ പൊയിലിലെ സി.അനൂപ് കൃഷ്ണനാണ് പരാതി നൽകിയത്.
ദേശീയപാതയോരത്തെ കുറ്റിക്കാട്ടിൽ വലിയ മാവിന് സമീപത്തെ കുറ്റിക്കാട്ടിൽ വാഹനം ഒളിച്ചുവെച്ച് ഹെൽമെറ്റില്ലാതെ വരുന്നവർക്ക് മുന്നിലേക്ക് ചാടി വീണ് പോലീസുകാരൻ ഇരുചക്രവാഹനം തടഞ്ഞതിനെ തുടർന്ന് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്ത്ത് നിർത്തിയതിനാൽ ഭാഗ്യത്തിനാണ് വലിയ അപകടം സംഭവിക്കാതെ രക്ഷപ്പെട്ടതെന്നും ഇത് സംബന്ധിച്ച് പരാതി പറഞ്ഞപ്പോൾ ഹൈവേ പോലീസ് വാഹനത്തിലുള്ള എസ് ഐ ഉൾപ്പെടെയുള്ളവർ തട്ടിക്കയറിയെന്നും പരാതിയിൽ പറയുന്നു.