കോട്ടയം: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയ നിയമം പ്രാബല്യത്തിൽ വന്നതോടെ പോലീസിന്റെ ഹെൽമറ്റ് വേട്ട ആരംഭിച്ചു. നിയമം പ്രാബല്യത്തിൽ വന്ന ആദ്യദിനമായ ഇന്നലെ ബോധവത്കരണത്തിനായിരുന്നു പേലീസ് പ്രാധാന്യം നൽകിയിരുന്നത്.
എങ്കിലും ചിലയിടങ്ങളിൽ പിഴ ചുമത്തി. നല്ലൊരു തുക ഈ ഇനത്തിൽ സർക്കാർ ഖനജാവിലേക്ക് ലഭിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ കേസെടുത്തു. പോലീസും മോട്ടോർ വാഹനവകുപ്പും നടത്തുന്ന ഹെൽമറ്റ് വേട്ട ഇന്നും തുടരും. കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ പരിശോധനയിൽ ഹെൽമറ്റ് വയ്ക്കാത്ത രണ്ടു പേരെ പിടികൂടി പിഴയടപ്പിച്ചു.
മോട്ടോർ വാഹനവകുപ്പിന്റെ രണ്ട് സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ 12 പേർക്കെതിരെ കേസെടുത്തു. ഇവരിൽനിന്ന് 6000രൂപ പിഴ ഈടാക്കി. 15 പേരുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി. ഇവർക്ക് അടുത്ത ദിവസങ്ങളിൽ നോട്ടീസ് നൽകും. കടുത്തുരുത്തി പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഇവരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കി.
വൈക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാവിലെ മുതൽ ഹെൽമറ്റ് പരിശോധന നടത്തി. പ്രധാന റോഡുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്. ആദ്യ ഘട്ടത്തിൽ പിഴ ഈടാക്കിയില്ല.
കറുകച്ചാൽ പോലീസിന്റെ നേതൃത്വത്തിൽ പതിവ് വാഹന പരിശോധന നടത്തി. ഹെൽമറ്റ് വയ്ക്കാത്തവർക്കും, സീറ്റ്ബെൽറ്റ് ധരിക്കാത്തവർക്കും ബോധവത്കരണം നൽകിയാണ് വിട്ടയച്ചത്. ഏറ്റുമാനൂർ പോലീസ് പരിശോധനയിൽ പിൻസീറ്റിൽ ഹെൽമറ്റില്ലാതെ യാത്രചെയ്തവരെ പിടികൂടി. എന്നാൽ ആദ്യദിവസമായതിനാൽ പിഴ ചുമത്തിയില്ല.
കാഞ്ഞിരപ്പള്ളിയിൽ പിൻസീറ്റിൽ ഹെൽമറ്റ് വയ്ക്കാതെ സഞ്ചരിച്ച 65 പേർക്ക് പോലീസ് ബോധവത്കരണം നൽകി. വരും ദിവസം പരിശോധന ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു. കിടങ്ങൂരിൽ പരിശോധന നടത്തിയെങ്കിലും പിഴ ഈടാക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തില്ല. പള്ളിക്കത്തോട്ടിൽ ബോധവ്തകരണം നടത്തുന്നതിനൊടൊപ്പം നിയമം ലംഘിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്തു.
പൊൻകുന്നത്തു ബോധവത്കരണത്തോടൊപ്പം നിയമം ലംഘിച്ചവർക്കെതിരെ താക്കീതു നൽകി. എന്തായാലും കുറെ നാളായി നിലച്ച വാഹന പരിശോധനയ്ക്ക് വീണ്ടും ജീവൻ വച്ചിരിക്കുകയാണ്. അതേസമയം, പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ നിയമത്തെ ഇരുചക്രവാഹനം ഉപയോഗിക്കുന്നവരിൽ ചിലർ അനുകൂലിക്കുന്പോൾ മറ്റു ചിലർ ഇതിനെ അനുകൂലിക്കുന്നില്ല. രണ്ടു ഹെൽമറ്റുകൾ കൊണ്ടുനടക്കേണ്ട ഗതികേടിലാണ് വാഹന ഉപയോക്താക്കൾ.
അടുത്ത സുഹൃത്തുക്കളോ വേണ്ടപ്പെട്ടവരോ അത്യാവശ്യത്തിന് ഒരു ലിഫ്റ്റ ചോദിച്ചുകയറുകയും രണ്ടു ഹെൽമറ്റ് കയ്യിലില്ലാതെ വരികയും ചെയ്താൽ എന്തുചെയ്യുമെന്നാണ് ചിലരുടെ ചോദ്യം. പിന്നിലിരിക്കുന്നയാൾക്ക് ഹെൽമറ്റില്ലാതെ അധികൃതർ വാഹനം പിടിച്ചാൽ പിൻസീറ്റിലിരിക്കുന്നവർ കൈ കഴുകും.
ഡ്രൈവർക്ക് ബാധ്യതയുമാകും. ഇതു പേടിച്ച് രണ്ടു ഹെൽമറ്റ് വാങ്ങാൻ ചിലർ ഒരുങ്ങുന്നുണ്ട്. രണ്ടു ഹെൽമറ്റ് വാങ്ങിയാലും ഇതെങ്ങനെ സുരക്ഷിതമായി സൂക്ഷിക്കുമെന്നതാണ് മറ്റൊരു പ്രശ്നം. ഇനിയിപ്പോൾ യാത്ര ചെയ്യാൻ രണ്ടുപേരുണ്ട്, രണ്ടു ഹെൽമറ്റുകൾ ഇല്ലാതെ വരികയും ചെയ്താൽ ടൂവീലർ ഉപേക്ഷിക്കുകയേ തരമുള്ളൂവെന്നാണ് ചിലരുടെ അഭിപ്രായം.
രണ്ടു ഹെൽമറ്റ് നിർബന്ധമാക്കിയ നടപടി ഒാട്ടോറിക്ഷ ഡ്രൈവർ മാർക്ക് അല്പം പ്രതീക്ഷ നൽകുന്നുണ്ട്. നിയമം കർശനമായി നടപ്പാക്കിയാൽ പലരും ടൗണുകളിലും മറ്റും ചെറിയ ഒാട്ടങ്ങൾക്ക് ടൂവീലർ ഉപേക്ഷിക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ അവർ ഒാട്ടോകളെ ആശ്രയിക്കുമെന്നതാണ് ഡ്രൈവർമാ രുടെ പ്രതീക്ഷ വർധിപ്പിക്കുന്നത്. ടൂവീലറുകൾ പെരുകിയതോടെ ഒാട്ടോറിക്ഷകൾക്ക് ഒാട്ടം തീരെ കുറഞ്ഞിരുന്നു.