പത്തനംതിട്ട: ബൈക്കിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിന്റെ പേരിൽ ഡിവൈഎഫ്ഐ നേതാവും സിഐടിയു ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായ വള്ളിക്കോട് വെട്ടത്തേത്ത് എസ്. അഖിലിനെ (28) പത്തനംതിട്ട എസ്ഐ മർദിച്ചതായി പരാതി.
ഇന്നലെ രാവിലെ 11 ന് വള്ളിക്കോട് താഴൂർക്കടവിന് സമീപം അഖിൽ സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിർത്തിയശേഷം സ്റ്റേഷനിൽ കൊണ്ട് വന്ന് മർദിച്ചതായാണ് പരാതി. നേരത്തെ അപകടത്തെ തുടർന്ന് ഒടിഞ്ഞ് കമ്പിയിട്ടിട്ടുള്ള കൈപിടിച്ച് തിരിക്കുകയും സ്റ്റേഷനിൽ വച്ച് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി അഖിൽ പറഞ്ഞു.
തന്റെ കൈവശമുണ്ടായിരുന്ന മൊബൈൽഫോണും വാങ്ങിവച്ചു. ഈ സമയം എന്തോ ആവശ്യത്തിന് സ്റ്റേഷനിൽ വന്ന ഒരു സുഹൃത്തിനോട് കാര്യം പറഞ്ഞതിനെ തുടർന്ന് വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സിപിഎം പ്രവർത്തകർ എസ്ഐ ദീപക്കും പോലീസുകാരുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. ഒരു വർഷം മുമ്പ് ഒടിഞ്ഞ കൈയാണ് പിടിച്ച് തിരിച്ചത്. കൈശമുണ്ടായിരുന്ന കണ്ണാടിയും ഒടിച്ചു. ഡിവൈഎഫ്ഐ ഞക്കുനിലം യൂണിറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോകവെയാണ് സംഭവം.
അഖിലിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കേസും ചാർജ് ചെയ്തിട്ടുണ്ട്. അഖിലിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. എസ്ഐക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകി.
എന്നാൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിന് പിഴ അടക്കാൻ ആവശ്യപ്പെട്ടത് അഖിൽ വിസമ്മതിക്കുകയും ഇതേ തുടർന്ന് പോലീസിനെ അസഭ്യം പറയുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതായി എസ്ഐ കെ. ദീപക് പറഞ്ഞു. ഈ സമയം റോഡിൽ വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു. ഇതിന്റെ പേരിൽ കേസെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തതായും താൻ ആരെയും മർദിച്ചിട്ടില്ലെന്നും എസ്ഐ പറഞ്ഞു.