തൃശൂർ: അമൃത എക്സ്പ്രസിൽനിന്നു തെറിച്ചുവീണ് ചോരവാർന്നു കിടന്ന യുവാവിനെ രക്ഷിച്ച പോലീസുകാർക്കു നന്ദി പറഞ്ഞ് കുടുംബം. ട്രെയിനിൽനിന്നു വീണ് പരിക്കേറ്റ കണ്ണൂർ സ്വദേശിയായ എ.എസ്. ഹേമന്ദി(26)നാണ് പോലീസുകാരുടെ അവസരോചിതമായ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്.
എറണാകുളത്തേക്ക് ജോലിക്കു പോകവെ മേയ് 29 നു രാത്രി 12.10നായിരുന്നു അപകടം. പൂങ്കുന്നം റെയിൽവേ സ്റ്റേഷനടുത്തുവച്ച് തീവണ്ടിയിൽനിന്നു തെറിച്ചുവീണ് ഗുരുതര പരിക്കേറ്റു കിടന്ന ഹേമന്ദിനെ വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ വി.എ. രമേശ്, പോലീസ് ഉദ്യോഗസ്ഥരായ കെ.കെ. സന്തോഷ്, അനിൽകുമാർ, ടി. ഉന്മേഷ് എന്നിവരാണ് ആശുപത്രിയിലെത്തിച്ചത്.
ട്രെയിനിൽനിന്ന് ഒരാൾ വീണിട്ടുണ്ടെന്ന വിവരമറിഞ്ഞ് നൈറ്റ് ഡ്യൂട്ടിക്കാരായ വെസ്റ്റ് പോലീസ് ടീം ഓടിയെത്തുകയായിരുന്നു. ചോരവാർന്ന് അവശനായി കിടന്ന ഹേമന്ദിനെ ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചു. പേഴ്സിലുള്ള ആധാർ കാർഡ് കണ്ടെത്തി പാനൂർ പോലീസ് സ്റ്റേഷൻ മുഖേന ബന്ധുക്കൾക്കു വിവരം കൈമാറുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഹേമന്ദ് ഇപ്പോൾ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നുതുടങ്ങി. മകനെ ആശുപത്രിയിലെത്തിച്ച പോലീസുകാരോടു തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നു കാണിച്ച് അച്ഛൻ റിട്ട. അധ്യാപകൻ കൂടിയായ വി.പി. അശോകൻ, സിറ്റി പോലീസ് കമ്മീഷണർ ജി.എച്ച്. യതീഷ്ചന്ദ്രയ്ക്കു തുറന്ന കത്തെഴുതി.
പോലീസുകാരെ അഭിനന്ദിക്കാനായി ഇരുവരും അടുത്തുതന്നെ കമ്മീഷണർ ഓഫീസിൽ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. കത്ത് കിട്ടിയ ഉടൻ സംഭവമന്വേഷിച്ച്, മാതൃകയായ പോലീസ് ഉദ്യോഗസ്ഥർക്കു ഗുഡ് സർവീസ് എൻട്രിയും പ്രശസ്തിപത്രവും നൽകാൻ കമ്മീഷണർ ഉത്തരവിട്ടു. കൊച്ചിയിലെ നവഗതി മറൈൻ ഡിസൈൻ കണ്‍സ്ട്രക്ഷനിൽ എൻജിനീയറാണ് ഹേമന്ദ്.