ദയയും ദാക്ഷിണ്യവും തൊട്ടു തീണ്ടിയിട്ടില്ലാത്തവര്‍, കരുണയോ അനുകമ്പയോ ഏഴയലത്തു കൂടി പോയിട്ടില്ലാത്തവര്‍ എന്നൊക്കെയാണ് പൊതുവെ, യൂണിഫോമിട്ട് കഴിഞ്ഞാലുള്ള പോലീസുകാരുടെ മനസ്ഥിതിയെക്കുറിച്ച് കരുതപ്പെടുന്ന ധാരണ. അനുദിന ജീവിതത്തില്‍ നാം കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങളും വാര്‍ത്തകളും അതിനോട് യോജിച്ച് പോകുന്നവയാണ്. പോലീസുകാരുടെ ക്രൂരത കൊണ്ട് കുടുംബം പോലും അനാഥമായി പോവുന്ന കാഴ്ചകള്‍ അടുത്ത കാലത്ത് പോലും കേരളം കണ്ടതുമാണ്.
എന്നാല്‍ ഏത് മേഖലയിലെ കാര്യമെടുത്താലും എല്ലാവരും ഒന്നുപോലെ നല്ലവരോ മോശപ്പെട്ടവരോ അല്ലല്ലോ. ഇത്തരത്തില്‍ കാരുണ്യത്തിന്റെ മികച്ച മാതൃകകള്‍ കാട്ടിത്തരുന്ന രണ്ട് പോലീസുകാരുടെ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാവുന്നത്. വൃദ്ധനായ ഒരു മനുഷ്യന് സ്റ്റേഷനിലെ മേശയിലിരുത്തി ചോറ് വാരിക്കൊടുക്കുന്ന രണ്ട് പോലീസുകാരാണ് വീഡിയോയിലുള്ളത്. വൃദ്ധനാകട്ടെ, ചോറ് ആസ്വദിച്ച്, നന്ദിയോടെ കഴിക്കുകയും ചെയ്യുന്നു.
വൃദ്ധനെ സഹായിച്ച ഇവരുടെ പുറകില്‍ നിന്ന്, ഇവര്‍ അറിയാതെ ആരോ പകര്‍ത്തിയ വീഡിയോ ആണിപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പോലീസിന്റെ ഇടയിലും നല്ല മനസുള്ളവരും ഉണ്ടല്ലോ എന്നത് ആശ്വാസമാണെന്നും ഇത്തരം മനസ് എല്ലാവര്ക്കും ഉണ്ടായിരുന്നെങ്കിലുമെന്നൊക്കെയാണ് ആളുകള്‍ വീഡിയോയില്‍ കമന്റ് ചെയ്യുന്നത്.