തിരൂർ :പോലീസ് അകാരണമായി അറസറ്റ് ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി. കൽപകഞ്ചേരി തയ്യിൽ കോതകത്ത് കുഞ്ഞിമുഹമ്മദാണ് പോലീസ് നടപടിക്കെതിരെ രംഗത്തുവന്നത്. ഹെൽമറ്റ് ധരിക്കാത്തതിന് നിയമാനുസൃതമുള്ള പിഴ അടയ്ക്കാൻ തയാറായിട്ടും തിരൂർ ട്രാഫിക് പോലീസ് അകാരണമായി അറസറ്റ് ചെയ്ത് മണിക്കൂറുകളോളം സ്റ്റേഷനിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു കുഞ്ഞുമുഹമ്മദ് തിരൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തിൽ കഴിഞ്ഞ ദിവസം തിരൂരിൽ നടന്ന സിറ്റിംഗിൽ മനുഷ്യാവകാശ കമ്മീഷൻ പോലീസിന്റെ റിപ്പോർട്ട് തേടി. ഏപ്രിൽ മൂന്നിനു ഇരുചക്രവാഹനത്തിൽ പുത്തനത്താണിയിൽ നിന്നു തിരൂരിലേക്ക് വരവെ ട്രാഫിക് പോലീസ് കൈകാണിച്ചു.
ഹെൽമറ്റ് ധരിക്കാത്തതിനാൽ 100 രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടു. തന്റെ കൈയിൽ പണമില്ലാതിരുന്നതിനാൽ കോടതിയിലേക്ക് രശീത് എഴുതിത്തന്നാൽ അവിടെ അടച്ചോളാമെന്നു മറുപടി പറഞ്ഞു. എന്നാൽ അതിന് തയാറാകാതെ സ്റ്റേഷനിലെത്തിച്ച് സിഐയുടെ മുന്നിൽ ഹാജരാക്കി.
പിന്നീട് ലോക്കപ്പിൽ തള്ളുമെന്നു ഭീഷണിപ്പെടുത്തി. രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ തിരൂർ പോലീസ് സ്റ്റേഷനിൽ നിർത്തി. ഇതിനിടെ മലപ്പുറം എസ്പി ഓഫീസിൽ വിളിച്ച് പരാതി പറഞ്ഞതിന്റെ പേരിൽ ഫോണും വാങ്ങിവച്ചു. നാലു മണിയോടെ ജാമ്യക്കാർ എത്തിയപ്പോൾ മാത്രമാണ് വിട്ടയച്ചത്.
സ്കൂട്ടർ ചോദിച്ചപ്പോൾ കോടതിയിൽ ഹാജരാക്കാം എന്നായിരുന്നു മറുപടിയെന്നും കുഞ്ഞുമുഹമ്മദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരൂർ സ്റ്റേഷനിലെ ഒരു പോലീസുകാരനുമായി നാലു വർഷം മുന്പ് വാഹനപാർക്കിംഗിനെ ചൊല്ലി ചെറിയ തർക്കമുണ്ടായിരുന്നു. ഇതിന്റെ പകവീട്ടലാണോ ഇപ്പോൾ നടക്കുന്നതെന്ന് സംശയിക്കുന്നതായും കുഞ്ഞുമുഹമ്മദ് പറഞ്ഞു.
സംഭവം നടന്ന് പിറ്റേദിവസം തന്നെ രേഖാമൂലം എസ്പിക്ക് പരാതി നൽകി. പരാതി അന്വേഷിക്കാൻ തിരൂർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയെങ്കിലും നടപടി വൈകുകയാണ്. ഇതേതുടർന്ന് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു യുവാവ്.