പോലീസ് വീട്ടില്‍ ..! രേഷ്മയ്ക്കും രേവതിക്കും സുരക്ഷിത കവചമൊരുക്കി പോലീസ് കൂട്ടായ്മ

EKM-HOUSE-Lപെരുമ്പാവൂര്‍: ഇടിഞ്ഞുവീഴാറായ വീട്ടില്‍ ഒട്ടും സുരക്ഷിതമല്ലാതെ കഴിഞ്ഞിരുന്ന രേഷ്മയ്ക്കും രേവതിയ്ക്കും കുറുപ്പംപടി പോലീസും പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ മേഴ്‌സി കോര്‍പ്‌സും ചേര്‍ന്ന് സൗജന്യമായി വീട് പണിതു നല്‍കി. അശമന്നൂര്‍ ഏക്കുന്നം പാറക്കണ്ടംചാലില്‍ പരേതരായ രവി-രാധ ദമ്പതികളുടെ മക്കളാണ് രേഷ്മയും രേവതിയും.

രേഷ്മ നഴ്‌സിംഗ് വിദ്യാര്‍ഥിനിയും രേവതി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്. വൃദ്ധരും അവശരുമായ രവിയുടെ അമ്മയും സഹോദരിയുമാണ് വീട്ടില്‍ ഇവര്‍ക്ക് കൂട്ടായുള്ളത്. 10 വര്‍ഷം മുമ്പ് പൊള്ളലേറ്റാണ് ഇവരുടെ അമ്മ മരിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ രവിയും മരണപ്പെട്ടതോടെ ഇവരുടെ കുടുംബം അനാഥമായി. പന്തല്‍ പണിക്കാരനായ രവി ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

ഇതിനിടെയാണ് കുടുംബത്തിന് വീട് പണിതു നല്‍കുന്നതിന് പോലീസ് സന്നദ്ധരായെത്തിയത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ.എസ്. സുദര്‍ശന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം. നാലു മാസത്തിനകം വീടുപണി പൂര്‍ത്തിയാക്കി. 650 ചതുരശ്രയടിയുള്ള വീട്ടില്‍ രണ്ട് കിടപ്പുമുറി, സിറ്റൗട്ട്, സ്വീകരണമുറി, അടുക്കള എന്നീ സൗകര്യങ്ങളുണ്ട്. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍ വീടിന്റെ താക്കോല്‍ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ.എസ്. സുദര്‍ശന്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു. ചടങ്ങില്‍ അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. സലിം അധ്യക്ഷത വഹിച്ചു.

Related posts