അടുത്തിടെ ചില പോലീസുകാര്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമാവുകയും അത് പോസ്റ്റ് ചെയ്ത പോലീസുകാര്‍ കര്‍ശന നടപടികള്‍ക്ക് വിധേയരാവുകയും ചെയ്തിരുന്നു.
സേനയിലെ ചില പോലീസുകാരുടെ സ്വഭാവത്തെ ഉദാഹരണമാക്കി ഒരു എസ്‌ഐ എഴുതിയ കുറിപ്പാണ് ചര്‍ച്ചയായത്. ഇപ്പോഴിതാ പോലീസുകാരുടെ സമൂഹമാധ്യമ ഉപയോഗത്തില്‍ നിയന്ത്രണങ്ങളുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തിയിരിക്കുന്നു. സര്‍ക്കുലറും പുറത്തിറക്കുകയുണ്ടായി. സര്‍ക്കുലറില്‍ പറയുന്നതിതൊക്കെ…
സര്‍ക്കാര്‍ നയങ്ങളെയും വകുപ്പ് മേധാവികളുടെ നിര്‍ദേശത്തെയും ചോദ്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയും സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും സര്‍ക്കുലറില്‍ പറയുന്നു.
പോലീസ് സേനാംഗങ്ങള്‍ വ്യക്തിപരമായ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ല. വ്യക്തിപരമായ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഔദ്യോഗിക ഇ മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. യൂണിറ്റ് മേധാവിയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ യൂണിറ്റിന്റെ പേരില്‍ ഔദ്യോഗിക ഗ്രൂപ്പുകളോ പ്രൊഫൈല്‍ പേജുകളോ പ്രസിദ്ധീകരിക്കാന്‍ പാടില്ല.
സമൂഹ മാധ്യമങ്ങളുടെ വ്യക്തിപരമായ ഉപയോഗങ്ങള്‍ക്കായി ഔദ്യോഗിക കമ്പ്യൂട്ടറുകളോ നെറ്റ്വര്‍ക്കുകളോ ഉപയോഗിക്കാന്‍ പാടില്ല. കേസന്വേഷണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍, അതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍, അന്വേഷണ സംബന്ധമായ ഔദ്യോഗിക യാത്രകളുടെ വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവ സ്വകാര്യ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്തരുത്.
കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങളോ ചര്‍ച്ചകളോ കമന്റുകളോ സ്വകാര്യ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്തരുത്. സ്ത്രീകളെയോ ഉദ്യോഗസ്ഥരെയോ മറ്റ് വ്യക്തികളെയോ ഏതെങ്കിലും മത-സാമുദായിക വിഭാഗങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനോ അത്തരത്തില്‍ പ്രസിദ്ധീകരിച്ച മറ്റാരുടെയെങ്കിലും പോസ്റ്റുകള്‍ അയച്ചുകൊടുക്കാനോ ഷെയര്‍, കമന്റ്, ലൈക്ക് എന്നിവ ചെയ്യാനോ പാടില്ല.
രാഷ്ട്രീയ ചായ്വുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനോ ഷെയര്‍, കമന്റ്, ലൈക്ക് ചെയ്യാനോ പാടില്ല… എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളാണ് പോലീസുകാരുടെ സമൂഹമാധ്യമ ഉപയോഗത്തില്‍ വരുത്തിയിരിക്കുന്നത്.