വെള്ളമുണ്ട: വടക്കേവയനാട്ടിലെ കണ്ടത്തുവയൽ പുരിഞ്ഞിയിൽ യുവദന്പതികൾ വെട്ടേറ്റു മരിച്ച കേസിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
വാഴയിൽ മൊയ്തു-ആയിഷ ദന്പതികളുടെ മകൻ ഉമ്മർ(26), ഭാര്യ മാനന്തവാടി ചെറ്റപ്പാലം ആറങ്ങാടൻ മുഹമ്മദ്- സൈനബ ദന്പതികളുടെ മകൾ ഫാത്തിമ(19)എന്നിവരാണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയിൽ ഇന്നലെ രാവിലെയാണ് ദന്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടത്. മൂന്നു മാസം മുന്പായിരുന്നു ഉമ്മറിന്റെയും ഫാത്തിമയുടെയും വിവാഹം.
നാലു മുറികൾ മാത്രമുള്ള ഓടുപാകിയ പഴയ തറവാടുവീട്ടിലാണ് ഇരട്ടക്കൊല നടന്നത്. വാർത്ത കേട്ടവരല്ലാം മോഷണത്തിനിടെ രണ്ടുപേരെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തില്ലെന്ന വിശ്വാസത്തിലായിരുന്നു.
പോലീസ് പരിശോധനയിലാണ് ഫാത്തിമ അണിഞ്ഞിരുന്നതിൽ കമ്മലൊഴികെ ആഭരണങ്ങൾ നഷ്ടപ്പെട്ടത് കണ്ടെത്തിയത്. ഇസ്ലാം വിശ്വാസികളെ സ·ാർഗത്തിൽ നടത്തുന്നതിനുള്ള പരിപാടികളുടെ ഭാഗമായി ഉമ്മറിന്റെ വീട്ടിൽ കൂടിച്ചേരലുകൾ സംഘടിപ്പിക്കാറുണ്ട്.
ഇതിൽ ഇതര സംസ്ഥാന തൊഴിലാളികളായ മുസ്ലിംകളും പങ്കെടുക്കാറുണ്ട്. ഇവരിൽ ആരെങ്കിലുമാണോ കൃത്യം നടത്തിയതെന്നു പോലീസ് പോലീസ് പരിശോധിക്കുന്നുണ്ട്. കണ്ടത്തുവയൽ ഇരട്ടക്കൊലപാതകത്തെത്തുടർന്നു നാട്ടുകാരിലുണ്ടായ നടുക്കം മാറിയിട്ടില്ല. യുവദന്പതികൾക്കുണ്ടായ ദുർഗതിയിൽ കരളുരുകി കഴിയുകയാണ് കണ്ടത്തുവയിലും സമീപങ്ങളിലുമുള്ളവർ.
മോഷണത്തിനിടെയാണ് യുവദന്പതികളായ ഉമ്മറും ഫാത്തിമയും വെട്ടേറ്റ് ദാരുണമായി മരിച്ചതെന്നു കരുതുന്നവർ നാട്ടുകാരിൽ വിരളം. മോഷണത്തിനിടെയാണ് കൊലപാതങ്ങളെന്നു പോലീസും സ്ഥിരീകരിച്ചിട്ടില്ല. സാന്പത്തികമായി ഇടത്തരക്കാരൻപോലുമല്ല ഉമ്മർ.
ചെറുകിട അടയ്ക്ക പാട്ടക്കച്ചവടവും കൃഷിയിടങ്ങളിൽ മരുന്നുതളിക്കലുമാണ് ലളിത ജീവിതം നയിക്കുന്ന ഉമ്മറിന്റെ ജോലി. ഭാര്യ ഫാത്തിമയുടെ കൈവശം ഉമ്മർ നൽകിയ മെഹറും വിവാഹ സമ്മാനമായി ലഭിച്ചതും അടക്കം 13 പവന്റെ ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏകദേശം പത്തു പവന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
കിടപ്പുമുറിയിൽ കട്ടിലിലായിരുന്നു രണ്ട് മൃതദേഹങ്ങളും. ദന്പതികളുടെ തലയിലും കഴുത്തിലുമാണ് ആഴത്തിൽ വെട്ടേറ്റത്. ഉമ്മറും ഭാര്യയും മാത്രമാണ് വ്യാഴാഴ്ച രാത്രി വീട്ടിൽ ഉണ്ടായിരുന്നത്. തൊട്ടടുത്ത വീട്ടിൽ താമസികുന്ന മാതാവ് ആയിഷ ഇന്നലെ രാവിലെ എട്ടോടെ ഉമ്മറിന്റെ വീട്ടിലെത്തിയപ്പോൾ അടുക്കളവാതിൽ തുറന്ന നിലയിലായിരുന്നു. അകത്തുകയറി കിടപ്പുമുറിയിൽ നോക്കിയപ്പോഴാണ് ദാരുണരംഗം കണ്ടത്.
മുറി മുഴുവൻ രക്തം തളംകെട്ടിയ നിലയിലായിരുന്നു. അടുക്കള ഭാഗത്തും തൊട്ടുത്ത കുളിമുറിക്കു പരിസരത്തും മുളകുപൊടി വിതറിയിരുന്നു. വീടിന്റെ വാതിലുകളൊന്നും പൊളിച്ചിട്ടില്ല. ഇത് രാത്രി വാതിലുകൾ അടയ്ക്കും മുന്പേ അക്രമി വീട്ടിൽ കയറി പതിയിരുന്നുവെന്ന സംശയത്തിനു കാരണമായിട്ടുണ്ട്. രാത്രി ഉമ്മറിന്റെ വീട്ടിൽനിന്നു ബഹളമോ നിലവിളിയോ കേട്ടില്ലെന്നു സമീപത്തു താമസിക്കുന്നവർ പറയുന്നു.
കൊലയ്ക്കുപയോഗിച്ച ആയുധം വീട്ടിലോ പരിസരത്തോ നിന്നു കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ അക്രമിയുടേതെന്നു കരുതുന്ന ഹെൽമറ്റും ചീർപ്പും വീട്ടിൽനിന്നു ലഭിച്ചു. വീട്ടിൽനിന്നു മണംപിടിച്ച പോലീസ് നായ കുറച്ചകലെയുള്ള ബസ് വെയ്റ്റിംഗ് ഷെഡ് വരെ പോയിരുന്നു.