തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയായ യുവതി രണ്ടാനച്ഛന് അരുണ്‍ ആനന്ദ് എന്നിവരുടെ രാത്രിയാത്രകള്‍ ദുരൂഹം. കുമാരമംഗലത്ത് വാടകയ്ക്ക് എത്തിയശേഷം എല്ലാദിവസങ്ങളിലും രാത്രി പതിനൊന്നു മണിയോടെ ഇരുവരും കാറില്‍ പുറത്തേക്ക് പോകുമായിരുന്നു. പിന്നീട് തിരിച്ചെത്തുന്നത് പുലര്‍ച്ചെ അഞ്ചുമണിക്കും. ഈ യാത്രകള്‍ക്ക് പിന്നിലെ ലക്ഷ്യങ്ങള്‍ എന്താണെന്ന ദുരൂഹത മാറ്റാനുള്ള നീക്കത്തിലാണ് പോലീസ്.
അരുണ്‍ മയക്കുമരുന്നിനും മദ്യത്തിനും അടിമയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. യുവതിയും ഇത്തരത്തില്‍ ലഹരിക്ക് അടിമയാണോയെന്ന സംശയം അയല്‍ക്കാര്‍ക്കുണ്ട്. കാരണം യുവതിയെ ഇടയ്ക്കുമാത്രം കാണാറുണ്ടായിരുന്ന ആ നാട്ടുകാര്‍ക്ക് ഓര്മയുള്ളത് ഉറക്കച്ചടവോടെ നടന്നുനീങ്ങുന്ന യുവതിയെയാണ്.
അരുണും യുവതിയും രാത്രികാലങ്ങളില്‍ സന്ദര്‍ശിച്ചിരുന്ന തൊടുപുഴയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് ഉടമയെ ചോദ്യം ചെയ്യാനുള്ള നീക്കം പോലീസ് നടത്തുന്നുണ്ട്. ഇയാളുമൊത്ത് അരുണ്‍ പലപ്പോഴും മദ്യപിച്ചിരുന്നതായും യുവതിയാണ് അരുണിനെ ഇവിടെ നിന്ന് തിരിച്ചു കൊണ്ടുപോയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
അരുണും യുവതിയും രാത്രികാലങ്ങളില്‍ സന്ദര്‍ശിച്ചിരുന്ന തൊടുപുഴയിലെ ബാറിലെ ജീവനക്കാരെയും ചോദ്യം ചെയ്യും. ഈ ബാറില്‍ വച്ച് പലപ്പോഴും അരുണും യുവതിയും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. അതേസമയം യുവതിയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച പിതാവ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദളിത് സംഘടനകളും ഈ ആവശ്യവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട ആളാണ് മരിച്ച ബിജു.