കൊച്ചി: വീട് പണയത്തിന് നല്‍കാമെന്ന് വിശ്വസിപ്പിച്ച് മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ മൂന്നു കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കേസില്‍ കൊല്ലം കരുനാഗപ്പിള്ളി തോപ്പില്‍ വീട്ടില്‍ ജോണ്‍ ബ്രിട്ടോ (40), എളംകുളം ഗ്യാലക്സി ക്ലിഫ് ഫോര്‍ഡ് ഫ്ളാറ്റില്‍ താമസിക്കുന്ന തിരുവനന്തപുരം പോത്തന്‍കോട് ആണ്ടൂര്‍ കോണം സുനില്‍ ഭവനില്‍ ഷീല (47), കോട്ടയം കുറവിലങ്ങാട് സ്വദേശികളായ ചീമ്പനാല്‍ വീട്ടില്‍ ലിജോ, നമ്പ്യാരത്ത് വീട്ടില്‍ ആല്ബിന് എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റു ചെയ്തത്.
ഇവരുടെ സുഹൃത്തുക്കളാണ് ഒളിവിലുള്ളത്. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. വൈറ്റില ആമ്പേലിപ്പാടം റോഡിലുള്ള വീട്ടിലേക്ക് പരാതിക്കാരനെ വിളിച്ചുവരുത്തിയാണ് ഇവര്‍ കവര്‍ച്ച നടത്തിയത്.
കാര്‍, ലാപ്ടോപ്പ്, 12 മൊബൈല്‍ ഫോണുകള്‍, ആപ്പിള്‍ മാക് ബുക്ക്, ഏഴ് പവന്റെ സ്വര്‍ണമാല, ഒരു പവന്റെ സ്വര്‍ണമോതിരം, 16,350 രൂപ അടങ്ങിയ പേഴ്സ്, ഒപ്പിട്ട ചെക്ക് ബുക്ക് എന്നിവയാണ് കവര്‍ച്ച ചെയ്തത്. കൂടാതെ ചെക്ക് ബുക്ക് വഴി പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്നും 6,95,000 രൂപ പിന്വലിച്ചെടുക്കുകകയും ചെയ്തു. പ്രതികളില്‍നിന്നും മോഷണമുതലുകള്‍ പോലീസ് കണ്ടെടുത്തു.