കാസര്‍ഗോഡ്: ഹൃദയസംബന്ധമായ രോഗത്തിന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ പെരിയ സ്വദേശിനിക്ക് തിരുവനന്തപുരത്തു നിന്ന് മരുന്നെത്തിച്ചു നല്കാന് പോലീസുദ്യോഗസ്ഥരുടെ ചെയിന്‍ സര്‍വീസ്.
പെരിയയിലെ ലളിതയ്ക്കാണ് പോലീസിന്റെ സഹായം തുണയായത്. നേരത്തേ കൈവശമുണ്ടായിരുന്ന മരുന്ന് തീരാറായ അവസ്ഥയിലായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ എവിടെയും ഈ മരുന്ന് ലഭ്യമായിരുന്നില്ല.
മംഗലാപുരത്തേക്ക് പോകാനുള്ള വഴിയടച്ചതിനാല്‍ അവിടെയും അന്വേഷിക്കാനായില്ല. ഇതേത്തുടര്‍ന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മകന്റെ ഏക ആശ്രയമായ ലളിത പോലീസിന്റെ സഹായം തേടിയത്. തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ എം.ടി.പി. സെയ്ഫുദ്ദീന്റെ ആഭിമുഖ്യത്തിലാണ് ലളിതയ്ക്ക് മരുന്നെത്തിക്കാനുള്ള ദൗത്യം നടന്നത്.
സെയ്ഫുദ്ദീന്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സി.ആര്. ബിജുവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ അന്വേഷണം നടത്തി.
എന്നാല്‍ ഒരു മെഡിക്കല്‍ സ്റ്റോറിലും ഈ മരുന്ന് ലഭ്യമായിരുന്നില്ല. ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ജില്ലയില്‍ മാത്രമേ ഇത് ലഭ്യമാകാനിടയുള്ളൂ എന്ന അനുമാനത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലെ എസ്ഐ പ്രേമരാജന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി.
ഒടുവില്‍ തിരുവനന്തപുരം സിറ്റി സ്പെഷല്‍ ബ്രാഞ്ചിലെ അനിലാണ് ഈ മരുന്ന് ലഭ്യമായ മെഡിക്കല്‍ ഷോപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം മരുന്നു വാങ്ങി പോലീസിന് കൈമാറി.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരം മരുന്ന് തിരുവനന്തപുരം ജില്ലയിലെ ഹൈവേ പോലീസിനെ ഏല്‍പ്പിച്ചു.
പിന്നീട് റിലേ രൂപത്തില്‍ വിവിധ ജില്ലകളിലെ ഹൈവേ പോലീസിന് കൈമാറി എട്ട് ജില്ലകള്‍ പിന്നിട്ടു പെരിയയില്‍ ലളിതയുടെ വീട്ടിലെത്തിക്കുകയായിരുന്നു.
തൃക്കരിപ്പൂരില്‍ നിന്ന് സെയ്ഫുദ്ദീന്‍ തുടങ്ങിവച്ച ദൗത്യത്തില്‍ എട്ടു ജില്ലകളിലെ ഹൈവേ പട്രോളിംഗ് ഉദ്യോഗസ്ഥരും പോലീസ് അലെര്‍ട്ട് കണ്ട്രോള്, ജില്ലാ കണ്ട്രോള് റൂം ഉദ്യോഗസ്ഥരും പങ്കാളികളായി.