കുന്നംകുളം: കുപ്രസിദ്ധ ഗുണ്ട പൾസർ സുനിയുമായി വന്നിരുന്ന പോലീസ് ജീപ്പ് കുന്നംകുളത്ത് അപകടത്തിൽപെട്ടു. കുന്നംകുളം സ്റ്റേഷനിലെ ഒരു വഞ്ചനാകേസിൽ ഉൾപ്പെട്ടിരുന്ന പൾസർ സുനിയെ കുന്നംകുളം കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവരുന്പോഴായിരുന്നു ജീപ്പ് അപകടത്തിൽപെട്ടത്. തൃശൂർ റോഡിൽ തലക്കോട്ടുകര ശിവക്ഷേത്രത്തിനടുത്ത് മറ്റൊരു വാഹനത്തിൽ തട്ടിയ ജീപ്പ് നിയന്ത്രണംവിട്ട് അന്പലത്തിന്റെ മതിലിൽ ഇടിച്ചുനില്‍ക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
സ്റ്റേഷൻ അടുത്തായതിനാൽ ഇവിടെനിന്നും മറ്റൊരു ജീപ്പെത്തി സുനിയ ആ വണ്ടിയിലേക്ക് മാറ്റി. വർഷങ്ങൾക്ക് മുന്‍പാണ് സുനി ഉൾപ്പെട്ട ചീറ്റിംഗ് കേസ് കുന്നംകുളത്ത് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസിലേക്കാണ് സുനിയെ എത്തിച്ചത്. കുന്നംകുളം കോടതി ഇല്ലാത്തതിനാൽ ഇയാളെ ചാവക്കാട്ടേക്കാണ് പിന്നീട് കൊണ്ടുപോയത്. എറണാകുളത്തെ ജയിലിൽനിന്നാണ് സുനിയെ കൊണ്ടുവന്നിരുന്നത്.