കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് പെട്രോൾ പന്പിലേക്ക് ഇടിച്ചു കയറി ഇന്ധനം നിറച്ചു കൊണ്ടിരുന്ന കാറിലിടിച്ചു.
അപകടത്തിൽ ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന മെഷീൻ തകർന്നു. ജീപ്പിടിച്ച കാറിലുണ്ടായിരുന്നയാൾക്ക് നിസാര പരിക്കേറ്റു. ഇന്നു രാവിലെ 6.45നായിരുന്നു അപകടം. അപകടസമയത്ത് പന്പിൽ കൂടുതൽ വാഹനങ്ങളില്ലാത്തതും തീപിടിത്തമുണ്ടാകാത്തതും വൻ ദുരന്തം ഒഴിവാക്കി.
ഇൻഷ്വറൻസ് കാലവധി കഴിഞ്ഞ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ അടിഭാഗത്ത് പലയിടങ്ങളും കയറും മറ്റുമുപയോഗിച്ച് കെട്ടിവച്ച നിലയിലായിരുന്നു. കണ്ണൂർ എആർ ക്യാന്പിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്ന വാഹനമാണിത്.
അപകടസമയത്ത് പോലീസ് യൂണിഫോമിലല്ലാത്ത രണ്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്നയുടൻതന്നെ ഇരുവരും സ്ഥലത്തുനിന്നു മുങ്ങി.
അപകടം നടന്നത് ടൗൺ പോലീസ് സ്റ്റേഷന്റെ ഏതാനും മീറ്ററുകൾ മാത്രം ദൂരെയുള്ള പന്പിലായിട്ടും പോലീസ് ഏറെനേരം കഴിഞ്ഞാണ് സംഭവസ്ഥലത്ത് എത്തിയത് എന്നത് ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്.
അതേസമയം അപകടത്തിൽപ്പെട്ട വാഹനം നീക്കാൻ ചിലർ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. പോലീസ് എത്താതെ വാഹനം നീക്കാൻ അനുവദിക്കില്ലെന്ന് ഇവർ പറഞ്ഞു. പിന്നീട് പോലീസ് എത്തിയാണ് അപകടത്തിൽപ്പെട്ട വാഹനം അപകടസ്ഥലത്തുനിന്നു മാറ്റിയിട്ടത്.
കണ്ണൂരിൽനിന്നുള്ള അഗ്നിരക്ഷാസേന എല്ലാ സജ്ജീകരണത്തടെയും സംഭവസ്ഥലത്തെത്തി ക്യാന്പ് ചെയ്യുന്നുണ്ട്.പോലീസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും മറ്റ് പരിപാലനവും കൃത്യമായി നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾക്കുപോലും പലതലത്തിൽനിന്നുള്ള അനുമതി ആവശ്യമാണ്. ഇതു കാരണം അറ്റകുറ്റപ്പണി നടത്താതെയാണ് മിക്കയിടങ്ങളിലെയും പോലീസ് വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്നതെന്നാണ് വിവരം.
അന്വേഷണത്തിന് ഉത്തരവിട്ട് കമ്മീഷണർ
കണ്ണൂർ: പോലീസ് വാഹനം പെട്രോൾ പന്പിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത് കുമാർ ഉത്തരവിട്ടു. എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
അപകടത്തിൽപ്പെട്ട വാഹനം പോലീസിന്റെ ഏത് വിഭാഗത്തിന്റേതാണ്, ഇൻഷ്വറൻസ് കാലാവധി കഴിഞ്ഞ പോലീസ് വാഹനം എങ്ങിനെ റോഡിലിറങ്ങി, ആരാണ് കൊണ്ടുപോയത്, യൂണിഫോമിലല്ലാത്തവർ പോലീസ് വാഹനം കൊണ്ടു പോയത് ഏത് സാഹചര്യത്തിൽ എന്നിങ്ങനെയുള്ള വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്.