കാട്ടാക്കട: കോട്ടൂരിൽ പോലീസിനുനേരെ കഞ്ചാവ് ലോബിയുടെ ആക്രമണം. സംഘടിച്ചെത്തിയ അക്രമികൾ പോലീസ് ജീപ്പിനുനേരെ പെട്രോൾ ബോംബെറിയുകയും കല്ലേറ് നടത്തുകയും ചെയ്തു. ഒരു പോലീസുകാരന് കല്ലേറിൽ തലയ്ക്ക് പരിക്കേറ്റു.
പോലീസ് ജീപ്പ് അടിച്ചു തകർത്ത ശേഷം പ്രതികൾ കാട്ടിനുള്ളിൽ ഒളിച്ചു. ഇവർക്കായി പോലീസ് വൻതോതിൽ കാട്ടിൽ തെരച്ചിൽ ആരംഭിച്ചു.വെള്ളിയാഴ്ച പുലർച്ചെയാണ് അക്രമങ്ങൾ അരങ്ങേറിയത്. പോലീസ് പട്രോളിംഗ് നടക്കുന്നതിനിടെയാണ് ആക്രമണം.
ഒരു എഎസ്ഐയും രണ്ട് പോലീസുകാരും അടങ്ങുന്ന സംഘം കോട്ടൂരിന് സമീപം വ്ളാവെട്ടി നെല്ലിക്കുന്നിൽ പട്രോളിംഗ് നടക്കുന്നതിനിടെ മൂന്ന് ബൈക്കുകളിലായി 10 പേർ അടങ്ങുന്ന സംഘം പോലീസ് ജീപ്പിനെ പിന്തുടർന്നു.
ഇവരുടെ കയ്യിൽ വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളും പെട്രോൾ ബോംബും ഉണ്ടായിരുന്നു. തുടർന്ന് സംഘത്തിന്റെ സംഖ്യ കൂടുകയും അഞ്ച് ബൈക്കുകളിലായി 20 പേർ അടങ്ങുന്ന സംഘം എത്തി. കോട്ടൂരിൽ കഴിഞ്ഞ ദിവസം ഈ ലോബികൾ ഒരു വീടാക്രമിച്ചിരുന്നു. ഇതിലെ പ്രതികളെ പിടിക്കാനായി പോലീസ് വലവിരിച്ചിരിക്കുകയായിരുന്നു.
കാട്ടാക്കട സബ്ഡിവിഷനിലെ മുഴുവൻ സ്റ്റേഷനിലെ പോലീസുകാരും ഈ സംഘത്തെ പിടിക്കാൻ എത്തുകയും ചെയ്ത വിവരമറിഞ്ഞാണ് കഞ്ചാവ് സംഘം ബൈക്കുകളിൽ എത്തിയത്. ഇവർ ആദ്യം കല്ലേറ് നടത്തി. തുടർന്ന് പെട്രോൾ ബോംബെറിഞ്ഞു.
കല്ലേറിൽ നെയ്യാർഡാം സ്റ്റേഷനിലെ പോലീസുകാരനായ ജിനോ ജോസഫ് തലയ്ക്ക് പരിക്കേറ്റുവീണു. ഇതിനിടെ അക്രമികൾ പോലീസുകാർക്ക് നേരെ വടിവാൾ വീശുകയും ചെയ്തു. മലയിൻകീഴ് സ്റ്റേഷനിലെ ജീപ്പ് കല്ലേറിൽ തകർന്നു. പരിക്കേറ്റ പോലീസുകാരൻ ചികിൽസയിലാണ്.
വിവിധ സ്റ്റേഷനുകളിലെ പോലീസുകാർ ഈ സംഘത്തെ വളഞ്ഞതോടെ വീണ്ടും പെട്രോൾ ബോംബെറിഞ്ഞ് സംഘം കാട്ടിൽ ഓടിക്കയറി രക്ഷപ്പെട്ടു. 5 ബൈക്കുകൾ പോലീസ് പിടിച്ചെടുത്തു. പ്രതികൾ കോട്ടൂർ കാട്ടിൽ ഒളിച്ചിരിക്കുന്നതായി നെയ്യാർഡാം സിഐ ബിജോയി പറഞ്ഞു.
ഇവരെ പിടിക്കുന്നതിനായി കാട്ടാക്കട, നെയ്യാറ്റിൻകര സബ്ഡിവിഷനിലെ പോലീസ് സംഘം വനത്തിനുള്ളിൽ പരിശോധന നടത്തുകയാണ്. ഇവരെ സഹായിക്കാൻ വനം വകുപ്പും എത്തിയിട്ടുണ്ട്.
കോട്ടൂരിൽ കഞ്ചാവ് കച്ചവടം വൻ തോതിൽ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നെല്ലിക്കുന്ന് കോളനിയിലെ അഖിൽ എന്നയാളെ കഴിഞ്ഞ ദിവസം പിടികൂടി ജയിലാക്കിയിരുന്നു. ഇതിൽ വൈരാഗ്യം പൂണ്ടാകാം പോലീസ് സംഘത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടത് എന്ന് പോലീസ് കരുതുന്നു.
കോട്ടൂർ, കാപ്പുകാട്, വ്ളാവെട്ടി, നെല്ലിക്കുന്ന്, കള്ളിയൽ എന്നിവിടങ്ങളിൽ പോലീസ് സംഘം പ്രതികളെ അരിച്ചുപെറുക്കുകയാണ്. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. തങ്ങളെ ഒറ്റികൊടുത്തു എന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് കോട്ടൂരിൽ ബദറൂദ്ദീന്റെ വീടാക്രമിച്ചത്.
ബൈക്കുകളിൽ എത്തിയ സംഘം പെട്രോൾ ബോംബ് എറിയുകയും വീട്ടിനകത്ത് കയറി നാശശഷ്ടം ഉണ്ടാക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് വീട്ടുകാർ രക്ഷപ്പെട്ടത്.മാത്രമല്ല നെല്ലിക്കുന്ന് കോളനിയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ അഞ്ച് വീടുകളാണ് ഇവർ ആക്രമിച്ചത്.
സംഭവസ്ഥലത്ത് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. പ്രതികൾ ഏറെയും പ്രായപൂർത്തിയാകാത്തവരാണെന്നും ഇവർ കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ വിൽക്കുന്ന സംഘത്തിന്റെ ഇടനിലക്കാരും ഉപഭോക്താക്കളാണെന്നും പോലീസ് പറയുന്നു.