കണ്ണൂർ: രാത്രികാല പട്രോളിംഗിനിടെ എടക്കാട് പോലീസിനുനേരേ അജ്ഞാതസംഘത്തിന്റെ അക്രമം. ഇന്നലെ അർധരാത്രി 12 ഓടെയാണ് സംഭവം. പൊതുവാച്ചേരി ഭാസ്കരൻ പീടികയ്ക്ക് സമീപത്ത് വച്ച് യാതൊരു പ്രകോപനവും ഇല്ലാതെ നാലംഗ സംഘം വടിവാൾ കൊണ്ട് വാഹനത്തിനുനേരേ ആക്രമിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ലെവൻ, അജീഷ്, അനിൽകുമാർ, ബോസ് എന്നിവരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. ഇവരിൽ അനിൽ കുമാറിന് പരിക്കേറ്റു. ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. അക്രമത്തിൽ പോലീസ് ജീപ്പിന്റെ ഗ്ലാസ് തകർന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. കഞ്ചാവ് കേസിലെ പ്രതിയാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- പൊതുവാച്ചേരി ഭാസ്കരൻപീടികയ്ക്ക് സമീപം പട്രോളിംഗ് നടത്തവേ സംശയാസ്പദമായനിലയിൽ കർണാടക രജിസ്ട്രേഷനിലുള്ള ഒരു വാഹനം ശ്രദ്ധയിൽപ്പെട്ടു. ഈ വാഹനത്തെ പിന്തുടരവേ പിന്നാലെ കാറിലെത്തിയ നാലംഗസംഘം പോലീസ് ജീപ്പിനെ മറികടക്കാൻ ശ്രമിച്ചു.
ഓവർ സ്പീഡിലായിരുന്നു വാഹനം വന്നത്. പോലീസ് ജീപ്പിനെ മറികടക്കുന്നതിനിടെ വാഹനത്തിന്റെ സ്പീഡ് കുറയ്ക്കുകയും വടിവാൾ പോലുള്ള ആയുധം ഉപയോഗിച്ച് വാഹനത്തിനുനേരേ ആക്രമണം നടത്തുകയുമായിരുന്നു.
പോലീസ് ഡ്രൈവർ വാഹനം വെട്ടിച്ച് മാറ്റിയതുകൊണ്ടാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്. പിന്നീട് വാഹനത്തെ പിന്തുടർന്നെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പ്രതികളെ കണ്ടാൽ അറിയാമെന്നും അവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.