ഇരിട്ടി: പോലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ സംഭവത്തിൽ സിഐയെ സസ്പെൻഡ് ചെയ്തു. പോലീസ് ഡ്രൈവറെ സ്ഥലം മാറ്റി. കരിക്കോട്ടക്കരി സിഐ സി.ആർ.സിനുവിനെയാണ് സസ്പെൻഡ് ചെയ്തത്.
ഡ്രൈവർ ഷെരീഫിനെ കണ്ണൂർ എആർ ക്യാമ്പിലേക്ക് മാറ്റി. ഇരിട്ടിക്കടുത്തുള്ള യുവതി എറണാകുളം സ്വദേശിയായ സിഐക്കൊപ്പം അസമയത്ത് പോലീസ് ജീപ്പിൽ ആളൊഴിഞ്ഞ പ്രദേശത്ത് കൂടി സഞ്ചരിച്ചിരുന്നതായി ജില്ലാ പോലീസ് മേധാവിക്ക് വാട്സ് ആപ്പിൽ കിട്ടിയ പരാതിയെ തുടർന്നാണ് നടപടി.
സംഭവത്തിൽ ഡിസിആർബി ഡിവൈഎസ്പി പി.പ്രേമരാജൻ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയതിനെ തുടർന്ന് അന്വേഷണ വിധേയമമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.
എറണാകുളത്തു ജോലി ചെയ്തിരുന്ന യുവതിയുമായി അക്കാലത്തുള്ള പരിചയം കാരണം സൗഹൃദ സംഭാഷണം നടത്തുക മാത്രമാണ് ചെയ്തതെന്നായിരുന്നു സിഐയുടെ വിശദീകരണം.കണ്ണൂർ അഡീഷണൽ എസ്പി പ്രജീഷ് തോട്ടത്തിലാണ് തുടർഅന്വേഷണം നടത്തുന്നത്.