മാവേലിക്കര: പോലീസ് ജീപ്പിന്റെ അനധികൃത പാർക്കിംഗ് മാവലിക്കര മിച്ചൽ ജംഗ്ഷനിലെ ഗതാഗതം സ്തംഭിപ്പിച്ചു. ഇന്നലെ രാവിലെ 10.30ന് മിച്ചൽ ജംഗ്ഷനു പടിഞ്ഞാറുഭാഗം റോഡിൽ ജീപ്പ് പാർക്ക് ചെയ്തതിന് ശേഷം ഉദ്യോഗസ്ഥർ ഇതിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു.
ജീപ്പ് മാർഗ തടസം സൃഷ്ടിച്ചു കിടന്നതിനാൽ ഈ റൂട്ടിലൂടെ യാത്ര ചെയ്യുന്ന നിരവധി പേരാണ് ദുരിതത്തിലായത്. വാഹനങ്ങൾ വന്നു നിറഞ്ഞ് ഇവിടുത്തെ ഗതാഗതം സ്തംഭിച്ചത് മിച്ചൽ ജംഗ്ഷനെ പൂർണമായും നിശ്ചലമാക്കി. പ്രദേശവാസികളും യാത്രികരും പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ചിട്ടും പോലീസ് ജീപ്പ് സ്ഥലത്തു നിന്ന് മാറ്റാൻ അധികൃതർ തയാറായില്ലെന്നും ആക്ഷേപമുണ്ടായി.
മിച്ചൽ ജംഗ്ഷനിലും പരിസരത്തും അനധികൃത പാർക്കിംഗിന് പോലീസ് കർശന നടപടികൾ സ്വീകരിക്കുന്പോഴാണ് പോലീസ് ജീപ്പ് മണിക്കൂറുകളോളം മാർഗ തടസം സൃഷ്ടിച്ചിട്ടും അത് പരിഹരിക്കാൻ പോലീസ് തയാറാകാതിരുന്നത്.