മേപ്പാടി: മേപ്പാടി ഡിഎം വിംസ് മെഡിക്കൽ കോളജിലെ പരിപാടിയിൽ പങ്കെടുക്കാൻ കേരള ഗവർണർ പി. സദാശിവം സഞ്ചരിക്കേണ്ട റോഡിൽ വ്യാജ പോലീസ് സ്റ്റിക്കർ ഒട്ടിച്ച വാഹനം യഥാർത്ഥ പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായി.
കണ്ണൂർ ആലക്കാട്ട് കുട്ടാപറന്പിൽ മോണിക്കാട്ടിൽ ബെസ്റ്റോ ബെന്നി (26), വയനാട് മുട്ടിൽ വാര്യാട് മാനിക്കൽ മഠത്തിൽ വീട്ടിൽ എം.എസ്. ഷിജിൽ (24), കോട്ടയം ഞാലിയാൻകുഴി വാകത്താനം ഇലവങ്കോട്ടിൽ ഷിബു ചെറിയാൻ (26) എന്നിവരാണ് അറസ്റ്റിലായത്.
ഗവർണർ സഞ്ചരിക്കുന്ന പാതയോരത്തെ വാഹനങ്ങൾ നീക്കുകയും പരിശോധന നടത്തുകയും ചെയ്യുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു കൊണ്ട് ഗവർണറുടെ പരിപാടി നടക്കേണ്ട സ്ഥലത്തിന് അര കിലോമീറ്റർ മാത്രം അകലെ റോഡരികിൽ പോലീസ് എന്ന സ്റ്റിക്കർ ഒട്ടിച്ച ബൊലേറോ ജീപ്പ് യാദൃശ്ചികമായി മേപ്പാടി എസ്ഐ വിനോദിന്റെ ശ്രദ്ധയിൽ പെട്ടത് വാഹനം പരിശോധിച്ചപ്പോൾ വ്യാജസ്റ്റിക്കർ പതിച്ചതാണെന്ന് മനസിലായി. ഉടനെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ബോംബ് സ്ക്വാഡ് അടക്കമുള്ളവർ എത്തി വിശദ പരിശോധന നടത്തുകയും ചെയ്തു.
വാഹനം ക്രെയിനുപയോഗിച്ച് പുത്തൂർവയൽ എആർ ക്യാന്പിൽ എത്തിക്കുകയും ചെയ്തു. ഷൂട്ടിംഗ് ആവശ്യത്തിനാണ് പോലീസിന്റെ സ്റ്റിക്കർ ഒട്ടിച്ചതെന്നാണ് അറസ്റ്റിലായവർ പറഞ്ഞത്. എസ്ഐ വിനോദ്, എഎസ്ഐ അബ്ബാസ്, സിവിൽ പോലീസ് ഓഫീസർ മോഹനൻ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.