കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിയന്ത്രണംവിട്ട പോലീസ് ജീപ്പ് പെട്രോൾ പന്പിലേക്ക് ഇടിച്ചു കയറി ഇന്ധനം നിറച്ചുകൊണ്ടിരുന്ന കാറിലിടിച്ചത് ഡ്രൈവറുടെ പിഴവെന്ന് അന്വേഷണ റിപ്പോർട്ട്.
ജീപ്പിന് മെക്കാനിക്കൽ തകരാറുകൾ ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹനവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിനുശേഷമാണ് ജീപ്പിന്റെ ജോയിന്റ് പൊട്ടിയതെന്ന് എംവിഐ റിപ്പോർട്ട് നൽകി. രണ്ടു ദിവസത്തെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് സാങ്കേതിക തകരാറൊന്നും ഇല്ലെന്ന് കണ്ടെത്തിയത്.
അപകടം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത്കുമാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർവാഹന വകുപ്പ് അന്വേഷണം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച 6.45നായിരുന്നു അപകടം നടന്നത്.
കണ്ണൂർ എആർ ക്യാന്പിലെ മെസിൽ സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്ന ജീപ്പായിരുന്നു അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന കന്പിൽ സ്വദേശി കരുണാകരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന മെഷീനും തകർന്നിരുന്നു. സംഭവസമയത്ത് പന്പിൽ കൂടുതൽ വാഹനങ്ങളില്ലാത്തതും ഇടിയുടെ ആഘാതത്തിൽ തീപിടിത്തമുണ്ടാകാതിരുന്നതും കാരണവുമാണ് വൻ ദുരന്തം ഒഴിവായിത്.
കളക്ടറേറ്റിനു മുന്നിലെ റോഡിലെ ഇരുന്പ് ഡിവൈഡറുകൾ തകർത്താണ് ജീപ്പ് പന്പിലേക്ക് ഇടിച്ചു കയറിയത് എആർ ക്യാന്പിലെ എഎസ്ഐ സന്തോഷാണ് വാഹനം ഓടിച്ചിരുന്നത്. മെസ് ഓഫീസറായ പ്രേമനും അപകട സമയത്ത് ജീപ്പിൽ ഉണ്ടായിരുന്നു. 12 വർഷത്തെ പഴക്കം മാത്രമേ വാഹനത്തിന് ഉണ്ടായിരുന്നുള്ളു.
വാഹനത്തിന് ഇൻഷ്വറൻസ് കഴിഞ്ഞ ഏഴിന് തീർന്നെന്ന ആരോപണം ഉണ്ടായിരുന്നെങ്കിലും മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ഇൻഷ്വറൻസ് അടക്കം എല്ലാം കൃത്യമായ രീതിയിൽ പാലിച്ചിട്ടുണ്ടെന്നും ഡ്രൈവറുടെ പിഴവു മാത്രമാണ് അപകടത്തിനു കാരണമെന്നും കണ്ടെത്തി.