തിരുവനന്തപുരം: ഇന്ധനമടിക്കാൻ പണമില്ലാതെ സംസ്ഥാന പോലീസ്. സർക്കാർ പണം അനുവദിക്കാത്തതിനെത്തുടർന്ന് പേരൂർക്കട എസ്എപി ക്യാന്പിലുള്ള പെട്രോൾ പന്പിൽനിന്ന് ഇന്ധന വിതരണം നിർത്തി. രണ്ടര കോടിയോളം രൂപയാണ് ഇന്ധന കന്പനിക്കു പോലീസ് നൽകാനുള്ളത്.
ഈ സാന്പത്തിക വർഷം അനുവദിച്ച തുക വിനിയോഗിച്ചു കഴിഞ്ഞതായും കൂടുതൽ പണം ചോദിച്ചിട്ടും സർക്കാർ അനുവദിച്ചിട്ടില്ലെന്നും ഡിജിപി അനിൽ കാന്ത് പറഞ്ഞു. കെഎസ്ആർടിസിയിൽ നിന്നോ സ്വകാര്യ പന്പുകളിൽനിന്നോ കടമായി ഇന്ധനം വാങ്ങാനാണ് ഡിജിപിയുടെ നിർദേശം.
ഇന്നു മുതലാണ് എസ്എപി ക്യാന്പിൽനിന്നു പോലീസിനുള്ള ഇന്ധന വിതരണം നിർത്തിയത്. കട ബാധ്യത ഉള്ളതിനാൽ വിതരണം തുടരാനാവില്ലെന്നാണ് എണ്ണ കമ്പനികൾ അറിയിച്ചിട്ടുള്ളത്. അതേസമയം, പൊതുജനങ്ങളുടെ വാഹനത്തിലേക്ക് ഇന്ധനം ഇവിടെനിന്നു നിറയ്ക്കാൻ സൗകര്യം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ധനം വാങ്ങാനായി കെഎസ്ആർടിസി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങൾ കടം വാങ്ങാൻ ശ്രമിക്കാറുണ്ടെങ്കിലും സംസ്ഥാനത്തെ സുരക്ഷാ സേനയായ പോലീസ് ഇത്തരത്തിൽ രംഗത്തു വന്നത് പൊതുവേ അന്പരപ്പിച്ചിട്ടുണ്ട്.
ഗവർണർക്കും മുഖ്യമന്ത്രിക്കും അടക്കം സർക്കാർ പുതിയ വാഹനങ്ങൾ വാങ്ങുകയും അനാവശ്യ ചെലവുകൾ കൂട്ടുകയും ചെയ്യുകയും ചെയ്യുന്പോഴാണ് പോലീസ് ഇന്ധനത്തിനു വേണ്ടി കടം വാങ്ങേണ്ടി വരുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.