പാറശാല: മദ്യലഹരിയിൽ യുവാവ് പോലീസ് ജീപ്പ് കടത്തിക്കൊണ്ടു പോയി. പാറശാല പോലീസ് സ്റ്റേഷനിൽനിന്നു രാത്രി പരിശോധനക്കിറങ്ങിയ പോലീസിനെ വെട്ടിച്ചു വാഹനവുമായി കടന്നയാളെ പിന്നീട് നാട്ടുകാർ തടഞ്ഞുവച്ചു പോലീസിലേൽപ്പിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ടു പരശുവയ്ക്കൽ കരുമാൻവിള ടിആർ വില്ലയിൽ ഗോകുലി (25 ) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
സംഭവത്തെ കുറിച്ച് പോലീസ് പറഞ്ഞത്- ഇന്നലെ രാത്രി പതിനൊന്നു മണിയോടെ പതിവ് പരിശോധനക്കായി ജീപ്പുമായി പോലീസ് പോയി. രണ്ട് പോലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്.
പരശുവയ്ക്കലിൽനിന്നു കുണ്ടുവിളയിലെത്തിയപ്പോൾ അസ്വഭാവികമായി റോഡുവക്കിൽ രണ്ടു പേർ ഇരിക്കുന്നത് കണ്ടു ജീപ്പ് നിർത്തി അവരുടെ അടുത്തെത്തിയപ്പോഴേക്കും രണ്ടുപേരും ഓടി.
ഓടിയവരെ പിടിക്കാനായി പോലീസുകാർ രണ്ടുപേരും പുറകേയോടി. ഈസമയം അടുത്തെവിടെയോ മറഞ്ഞുനിൽക്കുകയായിരുന്ന ഗോകുൽ ജീപ്പിൽ കയറിഓടിച്ചുപോയി.
ചിറക്കോണം ജംഗ്ഷനിലെത്തിയപ്പോൾ ജീപ്പ് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. പോലീസ് ജീപ്പുമായി വന്നു ചെറുപ്പക്കാരൻ അപകടത്തിൽ പെടുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചു.
ഈസമയം ഓടിപ്പോയവരെ കിട്ടാതെ പോലീസുകാർ മടങ്ങിവന്നു നോക്കിയപ്പോൾ ജീപ്പ് കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ചിറക്കോണത്തു ജീപ്പുമായി ഗോകുലിനെ തടഞ്ഞു നിർത്തിയിരിക്കുന്നവിവരം കിട്ടിയത്.
തുടർന്ന് പോലീസ് ഗോകുലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗോകുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.