കോഴിക്കോട്: വിഘ്നങ്ങളും ദോഷങ്ങളും തീർക്കാൻ പോലിസ് വാഹനം ക്ഷേത്രത്തിൽ പൂജിച്ചു. സംഭവം മണിക്കുറുകൾക്കകം വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ചതോടെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡി ജി പി ഉത്തരവിട്ടു.
തൃശൂരിൽ പോലീസ് വാഹനം പൂജിച്ചതിന്റെ ചിത്രം വാട്സ്ആപിൽ പ്രചരിച്ചതിനു തൊട്ടുപിന്നാലെയാണ് കോഴിക്കോട്ടെ പൂജയും പുറത്തുവന്നത്.
കോഴിക്കോട് സിറ്റി പോലീസിൽ കഴിഞ്ഞാഴ്ചയാണ് വിവാദമായ പൂജ നടന്നത്. സംഭവത്തെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ അഡ്മിനിസ്ട്രേഷൻ അസി.കമ്മിഷണർ കെ.സുദർശനോട് അന്വേഷിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അസി.കമ്മീഷണർ റിപ്പോർട്ട് സമർപ്പിക്കുകയയും ചെയ്തു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ആഭ്യന്തര വകുപ്പ് പോലീസ് കൺട്രോൾ റൂമിലേക്കായി പുതിയ വാഹനം അനുവദിച്ചിരുന്നു. കോഴിക്കോട് സിറ്റിയിലേക്ക് ഇത്തരത്തിൽ അഞ്ച് എസി വാഹനമായിരുന്നു അനുവദിച്ചത്.
ഇതിൽ കെഎൽ 01 സിഎഫ് 2529 നന്പറിലുള്ള വാഹനം കോഴിക്കോട് കൺട്രോൾ റൂമിൽ എത്തിയതിനു തൊട്ടടുത്ത ദിവസം അതിന്റെ ഡ്രൈവർ തളിക്ഷേത്രത്തിൽ പൂജിക്കാനായി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിലെ പൂജാരി വാഹനം പൂജിക്കുന്നതുൾപ്പെടെയുള്ള ഫോട്ടോകൾ കൺട്രോൾ റൂമിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിക്കാൻ തുടങ്ങി.
ആചാരാനുഷ്ഠാനങ്ങൾ പോലീസിൽ പ്രത്യക്ഷത്തിൽ പാടില്ലെന്നിരിക്കെ യൂണിഫോമിൽ ഔദ്യോഗിക വാഹനം പൂജയ്ക്കായി കൊണ്ടുപോയതാണ് വിവാദമായത്. തുടർന്നാണ് ഡിജിപി കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവിയും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ഈ റിപ്പോർട്ടിൽ പോലിസുകാരന് വീഴ്ച പറ്റിയതായി പരാമർശിക്കുന്നില്ലെന്നാണ് സൂചന. പുതിയ വാഹനം നിരത്തിലിറക്കും മുമ്പ് ചിലർ പൂജിക്കാറുണ്ട്. ഇത്തരത്തിൽ ക്ഷേത്രത്തിൽ വാഹനം പൂജിച്ചുവെന്നാണ് റിപ്പോർട്ട്. ഇതര സംസ്ഥാനക്കാരായ ഉന്നത ഐപിഎസ് ഓഫീസർമാർ പൂജയ്ക്കും മറ്റും ഒത്താശചെയ്യുന്നതായും ആരോപണമുണ്ട്.
ഇത്തരക്കാർ മതചിഹ്നങ്ങൾ പരസ്യമായി കൈതണ്ടയിൽ ധരിക്കുന്നത് പോലീസിൽ സർവസാധാരണമായിരിക്കയാണ്. തൃശൂർ സിറ്റി പോലീസിന് അനുവദിച്ച കെഎൽ 01 സിഎഫ് 2535 നന്പർ ജീപ്പും ഇതേപോലെ ക്ഷേത്രത്തിൽ പൂജിച്ചത് വിവാദമായിരുന്നു.
അതേസമയം സംഭവത്തിനുശേഷം കൺട്രോൾ റൂമിലെ ഡ്രൈവർമാരുടെ ജോലി സമയം വർധിപ്പിച്ചിട്ടുണ്ടെന്നു ആരോപണമുയരുന്നുണ്ട്. 12 മണിക്കൂർ ജോലിയുള്ളിടത്ത് 24 മണിക്കൂർ ജോലി ചെയ്യണമെന്നാണ് കമ്മീഷ്ണറുടെ പുതിയ നിർദേശമെന്നാണറിയുന്നത്.