കോട്ടയം: ഗാനമേളയ്ക്കിടെ യുവകലാകാരൻമാർ താളം പിടിച്ചത് പോലീസ് ജീപ്പിന്റെ വയർലെസ് ആന്റിനയിൽ. ആന്റിന ഒടിഞ്ഞതോടെ താളം പിടിച്ചവർ ഓടി. പിന്നാലെ പോലീസ്. യുവാക്കൾ മതിൽ ചാടിക്കടന്ന് ഒരു വീട്ടിൽ കയറി രക്ഷപ്പെട്ടു. പക്ഷേ പിറ്റേന്ന് ആന്റിന ഒടിച്ചവരെ പോലീസ് കയ്യോടെ പൊക്കി. പൊതുമുതൽ നശിപപ്പിച്ചതിനുള്ള കേസിൽ ഒരാൾ അറസ്റ്റിൽ.
കഴിഞ്ഞ ദിവസം പാത്താമുട്ടത്താണ് സംഭവം. എസ്എൻഡിപി സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ചുള്ള ഗാനമേള നടക്കുന്പോൾ പോലീസ് ജീപ്പ് അൽപം അകലെ മാറ്റിയിട്ടിരിക്കുകയായിരുന്നു. ഡ്രൈവർ വണ്ടിയുടെ പിൻസീറ്റിൽ ഇരിപ്പുണ്ടായിരുന്നു. അടിപൊളി പാട്ടുകേട്ട് രസംപിടിച്ച രണ്ടു യുവാക്കൾ താളം പിടിച്ചത് പോലീസ് ജീപ്പിന്റെ വയർലെസ് ആന്റിനയിലായിരുന്നു.
യുവാക്കൾ ജീപ്പിൽ ചാരി നിൽക്കുന്നത് ഡ്രൈവർ കണ്ടു. വെറുതെയാകുമെന്നും കരുതി ആദ്യം ഒന്നും പറഞ്ഞില്ല. എന്നാൽ പാട്ടിന്റെ താളത്തിനൊപ്പം ആന്റിന ചലിക്കുന്നതു കണ്ടപ്പോഴാണ് സംഗതി പന്തികേടാകുമെന്നു മനസിലായത്. ഡ്രൈവർ പുറത്തിറങ്ങി വരുന്പോൾ ആന്റിന ഒടിഞ്ഞു കിടക്കുന്നതാണ് കണ്ടത്. ഡ്രൈവറെ കണ്ടതോടെ യുവാക്കൾ ഓടി.
യുവാക്കൾ സമീപത്തെ മതിൽ ചാടിക്കടന്ന് സമീപത്തെ വീട്ടിലേക്ക് കയറുന്നത് പോലീസ് ഡ്രൈവർ കണ്ടു വീട്ടിലെത്തി അന്വേഷണം നടത്തി യുവാക്കളെ സംബന്ധിച്ച വിവരം തേടി. രണ്ടു പേരെയും പിറ്റേന്ന് പിടികൂടി. ഒരാൾ നിരപരാധിയായിരുന്നു. ആന്റിന ഒടിച്ച കുഴിമറ്റം സ്വദേശി നിധിൻ ഷിബു (19) എന്നയാൾക്കെതിരേ പൊതുമുതൽ നശിപ്പിച്ച വകുപ്പിൽ കേസെടുത്ത് അറസ്റ്റു ചെയ്തു.
മന:പൂർവമല്ലെന്നും താളം മുറുകിയപ്പോൾ ഒടിഞ്ഞു പോയതാണെന്നുമായിരുന്നു അറസ്റ്റിലായ യുവാവിന്റെ മൊഴി. പക്ഷേ മേലിൽ ഒരു പോലീസ് ജീപ്പിലും താളം പിടിക്കരുതെന്നും ഇത് പൊതുമുതലാണെന്നും പോലീസ് താക്കീതു ചെയ്തു.