തിരുവനന്തപുരം: കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ എഎസ്ഐ യെ വെടിവച്ചുകൊന്ന കേസിലെ പ്രതികളെ പിടികൂടാൻ കേരളത്തിലും അന്വേഷണം ഉൗർജിതമാക്കി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പോലീസ് അന്വേഷണം നടത്തുന്നത്.
കൊലപാതകത്തിന് ശേഷം പ്രതികൾ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്നും പ്രതികളെ പിടികൂടാൻ തമിഴ്നാട് ഡിജിപി കേരള ഡിജിപി ലോക്നാഥ് ബെഹ്റയെ നേരിൽ കണ്ട് സഹായം അഭ്യർത്ഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേരളാ പോലീസ് തമിഴ്നാട് പോലീസിനെ സഹായിക്കാനായി കേരളത്തിലും അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്. കേരളത്തിലെ അന്വേഷണത്തിന്റെ ഏകോപന ചുമതല തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഐജി. അനൂപ് കുരുവിള ജോണിനാണ്.
എഎസ്ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികളായ തൗഫിക്ക്, ഷമീം എന്നിവർ നിരോധിത ഭീകരസംഘടനയുമായി ബന്ധപ്പെട്ടവരാണെന്നും കേരളത്തിലും ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന വിവരങ്ങളും തമിഴ്നാട് പോലീസ് കേരള പോലീസ് മേധാവിയെ അറിയിച്ചിരുന്നു.
ഇതേ തുടർന്നാണ് കേരള- തമിഴ്നാട് പോലീസുകൾ സംയുക്ത അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചത്. മിഴ്നാട് പോലീസ് പുറത്ത് വിട്ട തൗഫിക്കിന്റെയും ഷമീമിന്റെയും ചിത്രങ്ങൾ കേരളത്തിലെ റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും ഇലക്ട്രോണിക് മീഡിയകളിൽ ഉൾപ്പെടെ പോലീസ് ലുക്കൗട്ട് നോട്ടീസായി പൊതുജനങ്ങളുടെ അറിവിലേക്ക് പുറത്ത് വിട്ടിട്ടുണ്ട്്.
കേരളത്തിൽ ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ ആരാധനാലയങ്ങൾക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ ഉൾപ്പെടെ ആക്രമണത്തിന് തീവ്രവാദികൾ പദ്ധതിയിട്ടിരിക്കുകയാണെന്ന് കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും നേരത്തെ സംസ്ഥാന ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. ഭീകരരായ തൗഫിക്കിനും ഷമീമിനും മലയാളികളുമായി ബന്ധമുണ്ടെന്നാണ് തമിഴ്നാട് പോലീസ് കേരള പോലീസിനെ അറിയിച്ചിരിക്കുന്നത്. അതിനാൽ ഇവർക്ക് കേരളത്തിൽ ഒളിവിൽ കഴിയാൻ സഹായം ലഭിക്കുമെന്നാണ് പോലീസിന്റെ സംശയം.
കോയന്പത്തൂർ ബോംബ് സ്ഫോടനം നടത്തിയ അൽ- ഉമ്മ എന്ന ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് തൗഫിക്ക്, ഷമീം എന്നിവർ ഉൾപ്പെട്ട പ്രതികളെന്നാണ് പോലീസ് പുറത്ത് വിട്ടിരിക്കുന്ന വിവരം. കോയന്പത്തൂർ ബോംബ് സ്ഫോടനത്തിൽ അന്ന് 90 ൽപരം ആളുകൾ കൊല്ലപ്പെട്ടിരുന്നു. നിരവധിപേർക്ക് ഗുരുതര പരിക്കും ഏറ്റിരുന്നു. അൽ- ഉമ്മ എന്ന സംഘടനയുടെ പുതിയ രൂപമാണ് തൗഫിക്കും ഷമീമും ഉൾപ്പെട്ട നാഷണൽ ലീഗ് തമിഴ്നാട് എന്ന സംഘടനയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അൽ-ഉമ്മ സംഘടനയുമായി ബന്ധപ്പെട്ടവരെ തമിഴ്നാട് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കന്യാകുമാരിയിലെ ഹിന്ദുമുന്നണി നേതാവിനെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ നിരവധി കേസുകൾ തൗഫിക്കിന്റെയും ഷമീമിന്റെയും പേരിൽ നിലവിലുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരോടൊപ്പം നേരത്തെ ജയിലിൽ കഴിഞ്ഞിരുന്നവരെ കേന്ദ്രീകരിച്ച് കേരളത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് കേരളത്തിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടൊയെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാനാണ് ഇത്തരത്തിലുള്ള അന്വേഷണം.