കൊച്ചി: മോട്ടോർ വാഹന വകുപ്പ് എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ പെരുന്പാവൂർ കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയിൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച 174 പേർക്കെതിരേ നടപടി സ്വീകരിച്ചു. പിൻസീറ്റ് യാത്രികരിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തവർക്ക് ബോധവൽകരണവും നൽകി.
ഇന്നുമുതൽ പിൻസീറ്റ് യാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്താൽ വാഹനം ഓടിക്കുന്നയാൾ പിഴത്തുക അടയ്ക്കണം. ഇല്ലെങ്കിൽ കോടതി നടപടികളുമായി മുന്നോട്ടുപോകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്നലെ 231 വാഹനങ്ങൾ പരിശോധിച്ചതിൽ പിഴയിനത്തിൽ 1,86,500 രൂപ ഈടാക്കിയതായി എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.
സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ച 46 പേർക്കെതിരെയും നടപടി സ്വീകരിച്ചു. ഇന്നുമുതൽ സഹയാത്രികർ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്താൽ വാഹനം ഓടിക്കുന്ന ഡ്രൈവർ കുറ്റക്കാരനായിരിക്കും. ഡ്രൈവർതന്നെ പിഴ അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം കോടതി നടപടികൾ നേരിടേണ്ടി വരും.
സ്വകാര്യ വാഹനങ്ങളിൽ കുളിംഗ്ഫിലിം ഒട്ടിച്ച കുറ്റത്തിന് 27 പേർക്കെതിരെ നടപടിയെടുത്തു. സ്വകാര്യ ബസുകളിൽ വാതിൽപാളി അടയ്ക്കാതെ സർവീസ് നടത്തിയ ആറു ബസുകൾക്കെതിരെയും നടപടിയെടുത്തു. ബസുകളിലെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.