കോഴിക്കോട്: ഇരുചക്രവാഹന യാത്രക്കാര്‍ യാത്രക്കിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് പതിവാകുന്നു. ഇത്തരക്കാരെ പ്രത്യേകം നീരീക്ഷിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ശക്തമായ നടപടി തുടങ്ങി.ഇന്നലെ സ്റ്റേഡിയം ജംഗ്ഷനില്‍ വച്ച് ഹെല്‍മറ്റിനുള്ളില്‍ ഫോണ്‍ ഒളിപ്പിച്ച്സംസാരിച്ചുകൊണ്ടെത്തിയ യുവാവിനെ ആർടിഒ എം.പി.സുഭാഷ്ബാബുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥര്‍ കയ്യോടെ പൊക്കി.പിടികൂടിയതോടെ കയ്യില്‍ പണം ഇല്ലെന്നായി യുവാവ്.
ലൈസൻസ് വാങ്ങി പരിശോധിച്ചപ്പോൾ 2019ൽ ഇഷ്യുചെയ്തതാണ്. അന്ന് ക്ളാസിൽ പങ്കെടുത്തതല്ലേ എന്നു ചോദിച്ചപ്പോൾ ഉവ്വ് എന്നു മറുപടി. ഒരു ക്ളാസ് കൊണ്ട് നിയമം പഠിക്കാത്ത നിങ്ങൾ എടപ്പാളിലെ ട്രാഫിക് ബോധവല്കരണ ക്ലാസില്‍ എത്തിയാല്‍ മതിയെന്നായി ഉദ്യോഗസ്ഥര്‍. ലൈസൻസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ക്ഷമാപണവുമായി യുവാവ് പിന്നാലെ കൂടിയിട്ടും ഉദ്യോഗസ്ഥൻ അയഞ്ഞില്ല.
നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും ഇത്തരം സ്ഥിരം കാഴ്ചയായിമാറുകയാണ്. ഹെല്‍മറ്റിനുള്ളില്‍ ഫോണ്‍ വച്ചുകൊണ്ടാണ് യുവാക്കളില്‍ പലരും നഗരത്തിലൂടെ ചീറിപായുന്നത്. ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് മേട്ടോര്‍ വാഹനവകുപ്പ് ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമ്പോഴും ഇത്തരം നിയമലംഘനങ്ങള്‍ വര്‍ധിച്ചുവരികയാണ്. മിക്കപ്പോഴും ഇരുചക്രവാഹനയാത്രക്കാര് വാഹനം സൈഡാക്കാന്‍ പോലും തുനിയാതെ സംസാരിക്കുകയാണ് പതിവ്.
ഹെല്‍മറ്റിടാതെ യാത്രചെയ്യുന്നവരുടെ എണ്ണം നഗരത്തില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും യാത്രക്കിടയിലെ ഫോണ്‍ സംസാരവുമായി ബന്ധപ്പെട്ട കേസുകള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. ആയിരം രൂപയാണ് ഈ നിയമലംഘനത്തിനുള്ള പിഴ. ഇന്നലെ ഇതേ സ്ഥലത്ത് വച്ച് തന്നെ പരിശോധനക്കിടെ കാര്‍ യാത്രക്കാരയായ സ്ത്രീക്ക് സീറ്റ് ബെല്‍റ്റ് ഇടുന്നതെങ്ങിനെയെന്നും പഠിപ്പിക്കേണ്ടിവന്നു ഉദ്യോഗസ്ഥര്‍ക്ക്. സീറ്റ് ബെല്‍റ്റ് കഴുത്തിലൂടെ ചുറ്റി ‘കുരുക്കിയ’ സ്ത്രീയെ കാര്യങ്ങള്‍ പറഞ്ഞ് പഠിപ്പിച്ചേശഷമാണ് ഉദ്യോഗസഥര്‍ യാത്രതുടരാന്‍ അനുവദിച്ചത്.